തൊടുപുഴ: നഗരസഭാ പാർക്കിൽ 40 ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ നടത്താൻ കൗൺസിൽ തീരുമാനം. സർക്കാർ നഗരസഭയ്ക്ക് അനുവദിച്ച 2017-18 വർഷത്തെ പെർഫോർമൻസ് ഗ്രാന്റിലെ ഷോർട്ട്ഫാൾ തുകയായ 71.29 ലക്ഷം രൂപയിൽനിന്നാണ് ഇതിനായി തുക കണ്ടെത്തുന്നത്. പാർക്കിന്റെ ശോച്യാവസ്ഥയേപ്പറ്റി നവംബർ രണ്ടിന് ‘മാതൃഭൂമി’ വാർത്ത നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് പാർക്ക് നവീകരിക്കാൻ തീരുമാനമായത്.
പാർക്കിനുവേണ്ടി ഒറ്റക്കെട്ടായ്
ഷോർട്ട്ഫാൾ തുകയിൽനിന്ന് കാതലായൊരു ഭാഗം പാർക്ക് നവീകരണത്തിനായി മാറ്റിവെക്കണമെന്നാണ് കക്ഷി-രാഷ്ട്രീയ ഭേദമന്യേ കൗൺസിലർമാർ ആവശ്യപ്പെട്ടത്. 50 ലക്ഷം രൂപ അനുവദിക്കണമെന്ന് ചില കൗൺസിലർമാർ ആവശ്യപ്പെട്ടെങ്കിലും മറ്റു ചില പ്രധാന പദ്ധതികൾക്കും പണം കണ്ടെത്തേണ്ടതിനാൽ 40 ലക്ഷം രൂപയായി നിജപ്പെടുത്തുകയായിരുന്നു.
നഗരസഭയുടെ മുഖമായ പാർക്കിന്റെ അവസ്ഥ ഇപ്പോൾ ദയനീയമാണ്. കളിയുപകരണങ്ങൾ പലതും തകർന്ന് കുട്ടികൾക്ക് ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലാണ്. പ്രളയത്തിൽതകർന്ന ഭാഗം നന്നാക്കിയിട്ടില്ല. പാർക്ക് നന്നാക്കാത്തതിൽ പ്രതിഷേധം ഉയർന്നിരുന്നു.
മുഖഛായ മാറും
ഇതിനായുള്ള പ്രാഥമിക സർവേ നടപടികൾ തുടങ്ങിയിട്ടുണ്ട്. കൂടാതെ സർക്കാർ അംഗീകൃത ഏജൻസിയേക്കൊണ്ട് ഈ മാസാവാസാനം തന്നെ രൂപരേഖ തയ്യാറാക്കും. കേടായ കളിയുപകരണങ്ങൾ നന്നാക്കുക, പുതിയ കളിയുപകരണങ്ങൾ സ്ഥാപിക്കുക എന്നതിനുപരിയായി നാൽപ്പത് ലക്ഷം രൂപ ഉപയോഗിച്ച് പാർക്കിന്റെ മുഖഛായ തന്നെ മാറ്റാനാണ് നഗരസഭ ഉദ്ദേശിക്കുന്നത്.
തുക അനുവദിച്ച മറ്റ് പദ്ധതികൾ
* വെങ്ങല്ലൂർ, മൂപ്പിൽക്കടവ് എന്നിവിടങ്ങളിൽ കാത്തിരിപ്പ് കേന്ദ്രങ്ങൾ-10 ലക്ഷം
* മുനിസിപ്പൽ ബസ്‌സ്റ്റാൻഡിലെ കംഫർട് സ്റ്റേഷൻ- ആറ് ലക്ഷം
* മണക്കാട് ജങ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ്-മൂന്ന് ലക്ഷം
* അഞ്ചപ്ര വനിതാവികസനകേന്ദ്രം പൂർത്തീകരണം- നാല് ലക്ഷം
* വിവിധസ്ഥാപനങ്ങളിലെ വൈദ്യതീകരണ ജോലികൾ-6.15 ലക്ഷം