നെടുങ്കണ്ടം: ഇടുക്കി അണക്കെട്ടിന് മുകളിലൂടെയുള്ള കെ.എസ്.ആർ.ടി.സി. ബസ് യാത്രയ്ക്കിടയിൽ സഞ്ചാരികൾ മൊബൈൽ ക്യാമറകളിൽ ദൃശ്യങ്ങൾ പകർത്തുന്നത് അണക്കെട്ടിന്റെ സുരക്ഷയ്ക്ക് ഭീഷണിയാവുന്നു. നിലവിൽ അണക്കെട്ടിന് മുകളിലൂടെ കടന്നുപോകുന്ന ബസിലിരുന്ന യാത്രക്കാർ ദൃശ്യങ്ങൾ പകർത്തുന്നത് തടയാൻ നിലവിൽ ഫലപ്രദമായ സംവിധാനങ്ങളൊന്നുമില്ല. ഇത്തരത്തിൽ പകർത്തിയ ദൃശ്യങ്ങൾ നവമാധ്യമങ്ങളിലൂടെ ഇപ്പോൾതന്നെ വൈറലായിക്കഴിഞ്ഞു.

അതീവ സുരക്ഷാ പ്രാധാന്യമുള്ള ഇടുക്കി അണക്കെട്ടിന്റെ ദൃശ്യങ്ങൾ നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് ഗുരുതരമായ സുരക്ഷാ വീഴ്ചയ്ക്കാണ് കാരണമാവുന്നത്. അണക്കെട്ടിന്റെ മുകളിലേക്ക് കടക്കുന്ന ഭാഗത്ത് ചിത്രങ്ങൾ എടുക്കുന്നത് നിരോധിച്ചിരിക്കുന്നു എന്ന ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് ശ്രദ്ധിക്കാതെയാണ് പലരും ദൃശ്യങ്ങൾ പകർത്തി നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. അണക്കെട്ടിന്റെ സുരക്ഷയ്ക്കായി ഡാമിലേക്ക് പ്രവേശിക്കുന്നിടത്തും തുരങ്കത്തിന് സമീപവും പോലീസുകാരെ നിയോഗിച്ചിട്ടുണ്ടെങ്കിലും ഇവരുടെ കണ്ണുവെട്ടിച്ചാണ് പലരും ദൃശ്യങ്ങൾ പകർത്തുന്നത്. കെ.എസ്.ആർ.ടി.സി.ബസിലെ ഡ്രൈവറുടെ അടുത്തെത്തിയും കൈയും തലയും പുറത്തിട്ടുംവരെ പലരും അണക്കെട്ടിന്റെ ദൃശ്യങ്ങൾ പകർത്തിയിട്ടും ഇവരെ തടയുന്നതിനോ, സുരക്ഷാ വീഴ്ചയെ സംബന്ധിച്ച് ബോധവത്കരിക്കുന്നതിനോ ബസ് ജീവനക്കാരും തയാറാവുന്നില്ല. ഇത്തരത്തിൽ കെ.എസ്.ആർ.ടി.സി.ബസിലിരുന്ന് യാത്രക്കാർ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

ചെറുതോണി പാലം ഗതാഗത യോഗ്യമാക്കിയതോടെ ചെറുവാഹനങ്ങളെല്ലാം ഇതുവഴിയാണ് കടന്നുപോകുന്നത്. കെ.എസ്.ആർ.ടി.സി. ബസുകളടക്കമുള്ള ഭാരവാഹനങ്ങളെ ഇപ്പോഴും അണക്കെട്ടിന് മുകളിലൂടെയാണ് കടത്തിവിടുന്നത്. സുരക്ഷാ വീഴ്ചയെക്കുറിച്ച് യാത്രക്കാർ ബോധവാൻമാർ അല്ലാത്തതും സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള പോലീസ് ഉദ്യോഗസ്ഥർ കെ.എസ്.ആർ.ടി.സി.ബസുകളിൽ കയറി പരിശോധന നടത്താത്തതും ദൃശ്യങ്ങൾ പകർത്തുന്നതിന് അനുകൂലമാകുന്നു. സുരക്ഷാവീഴ്ച മനസ്സിലാക്കി നൽകുന്ന വലിയ ബോർഡുകൾ സ്ഥാപിച്ചും സുരക്ഷാ ഉദ്യോഗസ്ഥരും ബസ് ജീവനക്കാരും യാത്രക്കാർക്ക് കർശന നിർദേശം നൽകിയും ഇത് ഒരുപരിധിവരെ തടയാനാകും. കഴിഞ്ഞ ദിവസം അണക്കെട്ടിന്റെ ദൃശ്യങ്ങൾ പകർത്തുന്നത് തടഞ്ഞ പോലീസുകാരനെ യാത്രാസംഘത്തിന്റെ സ്ത്രീ മർദിച്ചിരുന്നു. ചെറുവാഹനങ്ങൾ കടത്തിവിട്ടിരുന്നപ്പോൾ സുരക്ഷാ ജീവനക്കാർ പുലർത്തിയിരുന്ന ജാഗ്രത, കെ.എസ്.ആർ.ടി.സി.ബസ് അടക്കമുള്ളവയുടെ കാര്യത്തിൽ ഉണ്ടാകുന്നില്ലെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.