idukki
പേപ്പട്ടിയാക്രമണത്തില്‍ പരിക്കേറ്റയാള്‍

കട്ടപ്പന: നഗരസഭാ പരിധിയിലും സമീപ പഞ്ചായത്തുകളിലും തെരുവുനായ, പേപ്പട്ടി ആക്രമണം പതിവായിട്ടും നടപടിയെടുക്കാതെ അധികൃതർ. അമ്മയോടൊപ്പം നടന്നുപോവുകയായിരുന്ന വിദ്യാർഥിയായ മെബിനാണ് പേപ്പട്ടിയാക്രമണത്തിന്റെ അവസാന ഇര. ഒരു വർഷം മുൻപ് കട്ടപ്പന നഗരത്തിൽ തെരുവ് കച്ചവടക്കാരന്റെ മൂക്ക് പേപ്പട്ടി കടിച്ചെടുത്തിരുന്നു. നവംബറിൽ കട്ടപ്പന പാറക്കടവ് ഭാഗത്ത് വളർത്തുമൃഗങ്ങൾക്ക് നേരെയും തെരുവുനായ ആക്രമണമുണ്ടായി. ജനുവരിയിൽ പേപ്പട്ടി ആക്രമണത്തിൽ വെള്ളയാംകുടിയിലും ഇരട്ടയാറ്റിലും വളർത്തുമൃഗങ്ങൾ ചത്തൊടുങ്ങി. വിവിധയിടങ്ങളിലായി ഒട്ടേറെ പേർക്കും കടിയേറ്റു.

കൊച്ചുതോവാളയിൽ പേപ്പട്ടിയാക്രമണത്തിൽ രണ്ടാം ക്ലാസ് വിദ്യാർഥിയുടെ കണ്ണിനും മുഖത്തും പരിക്കേറ്റ സംഭവം നാടിനെയാകെ ഞെട്ടിച്ചു. മെബിനെ കൂടാതെ പ്രദേശത്ത് ആറുപേർക്കാണ് പേപ്പട്ടി ആക്രമണത്തിൽ പരിക്കേറ്റത്. വളർത്തുമൃഗങ്ങളെയും ഇതേ പേപ്പട്ടി ആക്രമിച്ചു. പുഞ്ചിരിക്കവല അടയ്ക്കാക്കല്ലിൽ ഷാജി, മകൻ അജി, അജിയുടെ മകൾ കാർത്തിക, ഷാജിയുടെ സഹോദരൻ ബിനീഷ്, പനയ്ക്കച്ചിറ ടിംസന്റെ മകൻ മെബിൻ, ആലേപ്പുരയ്ക്കൽ സുനിൽ എന്നിവർക്കാണ് പരിക്കേറ്റത്. ചിറയ്ക്കൽ ജിജിയുടെ വളർത്തുമൃഗങ്ങളായ ആട്, നായ എന്നിവയ്ക്കും കമുകിൻകര തോമസിന്റെ വളർത്തുനായയ്ക്കും പരിക്കേറ്റു. എന്നിട്ടും ഇതിനെ പിടികൂടാൻ അധികൃതർ നടപടി സ്വീകരിച്ചില്ല. മേഖലയിൽ ഓടിനടന്ന പേപ്പട്ടിയെ ഭയന്ന് പുറത്തിറങ്ങാൻ പോലും നാട്ടുകാർ മടിച്ചു. ശനിയാഴ്ച വളർത്തുമൃഗങ്ങളെ ആക്രമിച്ച പേപ്പട്ടി ഞായറാഴ്ച രാത്രി എട്ടോടെ അജിയെയാണ് ആദ്യം ആക്രമിച്ചത്. തുടർന്ന് മേഖലയിൽ വ്യാപകമായി ആക്രമണം നടത്തി. പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിലെത്തിച്ച് വാക്‌സിനേഷൻ നൽകി. ഭീതി വിതച്ച പേപ്പട്ടിയെ തിങ്കളാഴ്ച ഉച്ചയോടെ നാട്ടുകാർ തല്ലിക്കൊന്നു. പേപ്പട്ടിയാക്രമണം തടയാൻ കട്ടപ്പന നഗരസഭയും സമീപ പഞ്ചായത്തുകളും വേണ്ട നടപടിയെടുക്കണമെന്ന് നഗരസഭാംഗങ്ങളായ സിബി പാറപ്പായി, ലൗലി ഷാജി എന്നിവർ ആവശ്യപ്പെട്ടു.