തൊടുപുഴ : റോഡരികിൽ അർധരാത്രി പാമ്പുകടിയേറ്റ് നിസ്സഹായനായിനിന്ന യുവാവിന് രക്ഷകനായി പോലീസ് ഉദ്യോഗസ്ഥൻ.

വ്യാഴാഴ്ച രാത്രി പന്ത്രണ്ടോടെയാണ് മുട്ടം വിജിലൻസ് ഓഫീസിനു സമീപമുള്ള റോഡരികിൽ ശങ്കരപ്പിള്ളി വള്ളിപ്പാറയിൽ അജിത്തിന് (21) പാമ്പുകടിയേൽക്കുന്നത്. ഈ സമയത്താണ് ഡ്യൂട്ടിക്കായി തിരുവനന്തപുരത്ത് പോയി മടങ്ങിവന്ന മുട്ടം വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോയിലെ ഉദ്യോഗസ്ഥനായ സെബി മാത്യു അജിത്തിനെ കാണുന്നത്.

പാമ്പുകടിയേറ്റ് നിൽക്കുകയാണെന്നു പറഞ്ഞപ്പോൾ ഉടൻതന്നെ സെബി മാത്യു മുട്ടം പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു.അപ്പോൾ വാഹനം കോളപ്ര ജങ്‌ഷനിൽ ആണെന്ന് മനസ്സിലാക്കിയ സെബി സ്വന്തം വാഹനം എടുത്ത് യുവാവിനെ തൊടുപുഴ താലൂക്ക് ആശുപത്രിയിൽ അതിവേഗമെത്തിച്ചു.

ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ച യുവാവിന്റെ രക്തപരിശോധനയും മറ്റും നടത്തിയശേഷം ഡോക്ടർ കുത്തിവെപ്പ് നൽകി. എന്നാൽ വിഷം വ്യാപിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ ഡോക്ടർ അജിത്തിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റാൻ ശുപാർശചെയ്തു. വിവരം അറിഞ്ഞ ഉടൻ തന്നെ മുട്ടം പോലീസ് സ്റ്റേഷനിൽ നൈറ്റ് പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ. നവാസ്, സിവിൽ പോലീസ് ഓഫീസർ അജിംസ് എന്നിവർ അജിത്തിന്റെ വീട് കണ്ടെത്തി അച്ഛനെയും അമ്മയെയും ബന്ധുവിനെയുംകൂട്ടി പോലീസ് ജീപ്പിൽ തൊടുപുഴ താലൂക്കാശുപത്രിയിൽ എത്തുകയും ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയുംചെയ്തു.

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അജിത്തിന്റെ നിലയിൽ ഏറെ പുരോഗതിയുള്ളതായി ഡോക്ടർ പറഞ്ഞു. തക്കസമയത്ത് ഇടപെട്ട് ആശുപത്രിയിലെത്തിച്ച് മകന്റെ ജീവൻ രക്ഷിച്ചതിന് നന്ദിപറയുകയാണ് അജിത്തിന്റെ അമ്മ റോസമ്മയും കുടുംബാംഗങ്ങളും.