രാജാക്കാട്: ജോയലിനും ജോഫിറ്റയ്ക്കുമൊപ്പം കളിക്കാൻ ഇനി കുഞ്ഞുപെങ്ങൾ ജൊവാനയില്ല. ശാന്തൻപാറ പുത്തടിയിലെ റിജോഷിന്റെ തറവാടായ മുല്ലൂർ വീട്ടിൽ മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പമുള്ള ഇവരുടെ മനസ്സിൽ സങ്കടക്കടൽ ഇരമ്പുകയാണ്.
എല്ലാമെല്ലാമായ പിതാവിന്റെ മരണത്തിനുപിന്നാലെ കുഞ്ഞുപെങ്ങളുടെയും മരണവാർത്ത ഇവർക്ക് താങ്ങാവുന്നതിനപ്പുറമാണ്. വിഷം ഉള്ളിൽച്ചെന്നാണ് ജൊവാന മരിച്ചത്. ജനിച്ചപ്പോൾമുതൽ ഇവരുടെ കുഞ്ഞോമനയായിരുന്നു ജൊവാന.
എല്ലാത്തിനും അവളുടെ കൂടെയുണ്ടായിരുന്നു, സ്കൂൾവിദ്യാർഥികളായ ഇരുവരും. റിജോഷിനും കുട്ടികളോട് വലിയ സ്നേഹമായിരുന്നു. എവിടെപ്പോയാലും കുട്ടികളെ കാണാൻ ഓടിയെത്തുമായിരുന്നു. പക്ഷേ, റിജോഷിന്റെ മരണം ഇവരെ ആകെ തളർത്തി. കുഞ്ഞുപെങ്ങളുടെ മൃതദേഹം വീട്ടിലെത്തുമ്പോൾ ഇവരെ എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ വിഷമിക്കുകയാണ് ബന്ധുക്കളും. കുട്ടികളുടെ ഭാവി എന്താകുമെന്ന ആശങ്കയും ഇവർക്കുണ്ട്.
ദുരന്തത്തിലായ പ്രണയവിവാഹം
11 വർഷം മുൻപ് പ്രണയിച്ചാണ് ലിജിയും റിജോഷും വിവാഹംകഴിച്ചത്. എന്നാൽ ഇങ്ങനെയൊരു ചതി പ്രതീക്ഷിച്ചില്ലെന്ന് റിജോഷിന്റെ മാതാപിതാക്കൾ പറയുന്നു. റിജോഷിനെ കാണാതായതിനുശേഷവും ലിജിയുടെ പെരുമാറ്റത്തിൽ സംശയമുണ്ടായിരുന്നില്ല. ഒക്ടോബർ 30-ന് രാത്രി 11 മണിയോടെ റിജോഷ് വീട്ടിൽ വന്നിരുന്നെന്നും നാലുമണിയോടെ ജോലിതേടി എറണാകുളത്തിന് പോയെന്നും ലിജി കുട്ടികളോടും പറഞ്ഞിരുന്നു.
കുട്ടികൾ തറവാട്ടുവീട്ടിലെത്തിയപ്പോൾ മാതാപിതാക്കൾ ലിജിയെ വിളിച്ച് റിജോഷിനെപ്പറ്റി അന്വേഷിച്ചെങ്കിലും കള്ളം ആവർത്തിച്ചു. വഴക്കിട്ടാണ് റിജോഷ് പോയതെന്നും ഫോൺ എറിഞ്ഞുപൊട്ടിച്ചെന്നും ലിജി പറഞ്ഞു. തുടർന്ന് ഒന്നാംതീയതി ഇവർ പോലീസിൽ പരാതി നൽകി. എന്നാൽ, തന്റെ ഫോണിലേക്ക് റിജോഷ് തൃശ്ശൂരിൽനിന്നും കോഴിക്കോട്ടുനിന്നും വിളിച്ചെന്ന് ലിജി വീണ്ടും കള്ളം പറഞ്ഞു. പക്ഷേ, അതെല്ലാം കളവാണെന്ന് പോലീസന്വേഷണത്തിൽ തെളിഞ്ഞു. പ്രതികൾ ശിക്ഷിക്കപ്പെടണമെന്നാണ് ഈ മാതാപിതാക്കൾ പറയുന്നത്.
വളരെ ചെറുപ്പത്തിൽത്തന്നെ ലിജിയുടെ മാതാപിതാക്കൾ വേർപിരിഞ്ഞിരുന്നു. തുടർന്ന് ലിജി പിതാവിനൊപ്പമാണ് വളർന്നത്. തന്റെ സഹോദരന്മാരായ വിജോഷിനോടും ജിജോഷിനോടും നല്ല സ്നേഹബന്ധമായിരുന്നു റിജോഷിന്. മൂത്തസഹോദരൻ വിജേഷ് ലത്തീൻ സഭയിലെ വൈദികനാണ്.