തൊടുപുഴ: മുട്ടം പഞ്ചായത്തിലെ മലങ്കര ഡാം സെറ്റിൽമെന്റ് പ്രദേശത്തെ അവശേഷിക്കുന്ന കുടുംബങ്ങളുടെ പുനരധിവാസം ഇനിയുമായില്ല. വീടിനായി ഭൂമി അനുവദിച്ചിട്ടുണ്ടെങ്കിലും പട്ടയ നടപടികളടക്കമുള്ളവ പൂർത്തിയാകാത്തതാണ് കാരണം. അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്ന ജോലികളും മെല്ലെയാണ്. മലങ്കര ടൂറിസം ഹബ്ബ് പദ്ധതിക്കുസമീപം താമസിക്കുന്ന ഈ 13 വീട്ടുകാരോട് ഉടൻ ഒഴിയേണ്ടിവരുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. എന്നാൽ, പുതിയ ഇടത്ത് വീട് നിർമാണമടക്കമുള്ളവ പൂർത്തിയാകാൻ ഇനിയും സമയമെടുക്കും.
ആവലാതികൾക്ക് അണക്കെട്ടിന്റെ പഴക്കം
സെറ്റിൽമെന്റ് പ്രദേശത്ത് താമസിക്കുന്നവരുടെ ആവലാതികൾക്ക് അണക്കെട്ടിന്റെ ചരിത്രത്തോളം പഴക്കമുണ്ട്. അണക്കെട്ട് നിർമാണജോലിക്ക് 50 വർഷം മുൻപ് കേരളത്തിന്റെ വിവിധ ഭാഗത്തുനിന്നെത്തിയവരാണ് ഇവരെല്ലാം. പിന്നീട് മൂവാറ്റുപുഴ ഇറിഗേഷൻവാലി പദ്ധതിയുടെ(എം.വി.ഐ.പി.) ഭൂമിയിൽ മൺവീടുകൾ കെട്ടി താമസമായി.

ആദ്യ കാലഘട്ടങ്ങളിൽ ഒട്ടേറെ വീടുകളുണ്ടായിരുന്നെങ്കിലും പലരും മാറിപ്പോയി. ഒടുവിൽ 13 വീട്ടുകാർ മാത്രം അവശേഷിച്ചു.
ഇന്നും പൊട്ടിപ്പൊളിഞ്ഞ ചോർന്നൊലിക്കുന്ന ചെറുകുടിലുകളിലാണ് ഇവരുടെ താമസം. പലർക്കും ജോലിചെയ്യാൻ കഴിയാത്ത സ്ഥിതിയുമായി. വർഷങ്ങൾ കഴിഞ്ഞ് ശൗചാലയവും വൈദ്യുതിയും ലഭിച്ചത് മാത്രമാണ് ഏക ആശ്വാസം. പുതിയ സ്ഥലത്തേക്ക് മാറ്റുമെന്ന് പറയുമ്പോഴും ഇവരുടെ മനസിൽ ആശങ്കകളേറെയാണ്.
ഭൂമിയുണ്ട് പക്ഷേ...
ഈ പ്രദേശത്തോട് ചേർന്ന് മലങ്കര ടൂറിസം ഹബ്ബ് സ്ഥാപിക്കാൻ പദ്ധതിയിട്ടതിനെ തുടർന്ന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഇതിനായി എം.വി.ഐ.പി. അധികൃതർ മലങ്കര കനാലിനോടുചേർന്ന് 39 സെന്റ് ഭൂമി കണ്ടെത്തി റവന്യൂ വകുപ്പിന് കൈമാറി. എന്നാൽ, ഈ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകളോ പട്ടയമോ ഇതുവരെ വീട്ടുകാർക്ക് കൈമാറിയിട്ടില്ല.
വേണം അടിസ്ഥാന സൗകര്യങ്ങൾ
ഇവർക്ക് ലഭിക്കുമെന്ന് പറയപ്പെടുന്ന ഭൂമി മൂന്നുതട്ടുകളിൽ പ്ലോട്ടുകളായി തിരിച്ചിട്ടുണ്ട്. എന്നാൽ, നല്ലൊരു മഴ പെയ്താൽ ഇവിടെ മണ്ണ് ഇടിയാൻ സാധ്യതയുണ്ട്. ഇത് കരിങ്കല്ല് കെട്ടി തിരിച്ചാൽ മാത്രമേ വീട് നിർമാണം ആരംഭിക്കാനാവൂ. വെള്ളവും വഴിയുമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാൻ ഇപ്പോൾതന്നെ ശ്രമം നടത്തേണ്ടതുണ്ട്.
മാറ്റണം മെല്ലെപ്പോക്ക്
ലൈഫ് മിഷൻ പദ്ധതിയിൽപ്പെടുത്തി നാലുലക്ഷം രൂപവീതം വീട് പണിക്ക് അനുവദിക്കാമെന്ന് പഞ്ചായത്ത് അറിയിച്ചിട്ടുണ്ട്. ഇതിനുള്ള നടപടികളും നടന്നുവരുകയാണ്. എന്നാൽ, പട്ടയം ലഭിക്കാത്തതിനാൽ തുടർനടപടികൾ വൈകുന്ന സ്ഥിതിയുണ്ട്. നടപടികൾ എത്രയും വേഗം പൂർത്തിയാക്കാൻ കളക്ടറും നിർദേശം നൽകിയിട്ടുണ്ട്.
ഉടൻ പുനരധിവസിപ്പിക്കും
ഒരുമാസത്തിനുള്ളിൽ ഭൂമിക്ക് പട്ടയം നൽകാമെന്ന് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. വീട് നിർമിക്കാനുള്ള കരാർ നടപടികളും പുരോഗമിക്കുകയാണ്. തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി അടിസ്ഥാന സൗകര്യങ്ങളൊരുക്കും. ഉടൻതന്നെ ഇവരെ മാറ്റിപ്പാർപ്പിക്കാമെന്നാണ് പ്രതീക്ഷ.
-കുട്ടിയമ്മ മൈക്കിൾ,
പഞ്ചായത്ത് പ്രസിഡന്റ്, മുട്ടം