രാജാക്കാട്: രാജാക്കാട് ടൗണിലെ ഹോട്ടലുകളിലും ബേക്കറികളിലും ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി നശിപ്പിച്ചു. വൃത്തിഹീനമായ ചുറ്റുപാടുകളിൽ സൂക്ഷിച്ചിരുന്ന പുഴുവരിച്ച മോര്, പഴകിയ എണ്ണ, ഭക്ഷണസാധനങ്ങൾ, ആഴ്ചകളോളം പഴക്കമുള്ള മാംസം, മത്സ്യം തുടങ്ങിയവയാണ് പിടികൂടിയത്.
വൃത്തിഹീനമായ സാഹചര്യങ്ങളിൽ പാചകം ചെയ്യുന്നതും ഭക്ഷണം അടയ്ക്കാതെ തറയിൽ െവച്ചിരിക്കുന്നതും കണ്ടെത്തി. സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയതിന് പുറമേ താക്കീത് നൽകുകയും ചെയ്തു. ഒരാഴ്ചയ്ക്കുള്ളിൽ അടുക്കള ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ ടൈൽ പതിപ്പിക്കണമെന്നും കതകുകൾ പിടിപ്പിക്കണമെന്നും ഉടമകൾക്ക് കർശന നിർദേശം നൽകി.
തൊടുപുഴ, ഉടുമ്പൻചോല സർക്കിളുകളിൽനിന്നുള്ള എം.എൻ.ഷംസിയ, ആൻ മേരി, വിനോജ് എന്നീ ഭക്ഷ്യ സുരക്ഷാ ഓഫീസർമാരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനകൾ നടത്തിയത്. വരും ദിവസങ്ങളിൽ ജില്ലയിലെ മറ്റു സ്ഥലങ്ങളിലും പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.