രാജാക്കാട്: മരം മുറിക്കൽ അനന്തമായി നീളുന്നതിനാൽ ദേശീയപാത നിർമാണം ഇഴയുന്നു. മരം മുറിച്ചുനീക്കുന്നതിന് ഉത്തരവുണ്ടായിട്ടും വനംകുപ്പ് നടപടി സ്വീകരിക്കാത്തതായി പരാതി. നിർമാണം നടക്കുന്ന കൊച്ചി-ധനുഷ്‌കൊടി ദേശീയപാതയിൽ ബോഡിമെട്ടുമുതൽ ദേവികുളം വരെയുള്ള ഭാഗത്തെ മരങ്ങളാണ് മുറിച്ച് നീക്കുവാനുള്ളത്. നിർമാണം തടസ്സപ്പെട്ടാൽ കരാറുകാരന്റെ ഭാഗത്ത് വീഴ്ചയില്ലെങ്കിൽ ആനുപാതികമായ നഷ്ടം കരാറുകാരന് നൽകണമെന്നതാണ് കരാർ. മരം മുറിച്ച് നീക്കാത്തതിനാൽ കരാറുകാരന് സർക്കാർ രണ്ട് കോടിയിലധികം രൂപ അധികമായി നൽകേണ്ട സാഹചര്യമാണുള്ളത്. മരംമുറിച്ച് നീക്കുന്നതിന് ഉത്തരവ് ഇറങ്ങിയിട്ട് ഒരുവർഷം കഴിഞ്ഞു.
കരാർ കാലാവധിയും കഴിഞ്ഞു
നിലവിൽ 1680 മരങ്ങളിൽ 300 മരങ്ങൾ മാത്രമാണ് മുറിച്ച് നീക്കിയിട്ടുള്ളത്. ബാക്കിയുള്ള മരങ്ങൾ കൂടി മുറിച്ചാൽ മാത്രമേ വീതികൂട്ടി നിർമാണങ്ങൾ നടത്താൻ സാധിക്കു. നിർമാണം വൈകിയതുമൂലം കരാർ കാലവധിയും കഴിഞ്ഞു. ഒരുവർഷം കൂടി കാലാവധി നീട്ടികിട്ടുന്നതിന് അപേക്ഷ നൽകിയിരിക്കുകയാണ് കരാറുകാരൻ. മരം മുറിക്കലിന് ഇനിയും കാലതാമസം നേരിട്ടാൽ നിർമാണം വൈകുന്നതിനൊപ്പം ഭീമമായ തുകയും കരാറുകാരന് സർക്കാർ നൽകേണ്ടി വരും. വനം വകുപ്പുദ്യോഗസ്ഥരുടെ ഈ അനാസ്ഥയ്ക്കെതിരേ പ്രതിഷേധ പരിപാടികൾക്ക് രൂപം നൽകുമെന്ന് പൊതു പ്രവർത്തകരും പറയുന്നു.