രാജാക്കാട് : വീടുകയറി ആക്രമണം നടത്തി വീട്ടമ്മയുടെ കാല് തല്ലിയൊടിക്കുകയും മകനെ ക്രൂരമായി മർദിക്കുകയും ചെയ്തതായി പരാതി. സി.പി.എം. പ്രാദേശിക നേതാവിനെയും കൂട്ടാളികളെയും പോലീസ് സംരക്ഷിക്കുന്നതായും പരാതിയുണ്ട്. അക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിലായിരുന്ന വീട്ടമ്മയുടെ മകനെ പോലീസ് ആശുപത്രിയിൽനിന്നും നിർബന്ധിച്ച് ഡിസ്ച്ചാർജ് വാങ്ങി അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്‌തെന്നും രാജാക്കാട് ഉണ്ടമല സ്വദേശിയായ ചക്കുങ്കൽ മേരി ജോസഫ് പറയുന്നു.

കഴിഞ്ഞ ഡിസംബർ 18-ന് രാത്രിയിലാണ് വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ സി.പി.എം. പ്രവർത്തകനായ ജയേഷിന്റെ നേതൃത്വത്തിലുള്ള ഒരുസംഘം ഉണ്ടമലയിലുള്ള മേരിയുടെ വീട്ടിലെത്തുന്നത്. തുടർന്ന് മകൻ ജിബിൻ ജോസഫിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തടയാനെത്തിയ മേരിയുടെ വസ്ത്രങ്ങൾ വലിച്ച് കീറുകയും ഇടതുകാല് അടിച്ചൊടിക്കുകയും ചെയ്തു. മാതാപിതാക്കളെ മർദിക്കുന്നത് കണ്ട് ഇവരെ രക്ഷിക്കുന്നതിനായി ജിബിൻ വാക്കത്തിയെടുത്ത് വീശിയാണ് ആക്രമികളെ അകറ്റിയത്. പിന്നീട് രാജാക്കാട് സ്റ്റേഷനിൽനിന്നും പോലീസെത്തിയാണ് പരിക്കേറ്റ മേരിയേയും ജിബിനേയും അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചത്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തെങ്കിലും പിറ്റേദിവസം ആശുപത്രിയിൽ കഴിയുകയായിരുന്ന ജിബിനെ, വീടുകയറി മർദിച്ചവരെ അക്രമിച്ചെന്ന പേരിൽ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയാണ് ചെയ്തത്.

എന്നാൽ, ജാമ്യം കിട്ടാത്ത വകുപ്പുകൾ ചുമത്തി കേസെടുത്തിരിക്കുന്ന സി.പി.എം. പ്രവർത്തകനേയും മറ്റുള്ളവരേയും അറസ്റ്റ് ചെയ്യാൻ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. ഇതോടൊപ്പം കേസ് ഒത്ത് തീർപ്പാക്കണമെന്നാവശ്യപ്പെട്ട് സി.പി.എം. നേതാക്കൾ വീട്ടിലെത്തിയെന്നും ഇവർ പറയുന്നു.

നിലവിൽ പ്രതികൾ മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും കോടതി ജാമ്യം നൽകിയിട്ടില്ല. എന്നാൽ, ഹൈക്കോടതിയിൽനിന്നും മുൻകൂർ ജാമ്യമെടുക്കുന്നതിനുള്ള നീക്കമാണ് നടക്കുന്നത്.

ഇവർ ജാമ്യം ലഭിക്കുന്നതിന് വേണ്ടി പോലീസ് മനപ്പൂർവ്വം അറസ്റ്റ് വൈകിപ്പിക്കുന്നുവെന്നാണ് ആരോപണം. പണത്തിന്റെ സ്വാധീനവും ,ഭരണപക്ഷ രാഷ്ട്രീയ ഇടപെടലുമാണ് പ്രതികൾക്ക് സംരക്ഷണം നൽകുന്നത്. വീട്ടിൽ കിടന്നുറങ്ങാൻ ഭയമാണെന്നും ഈ വീട്ടമ്മ പറയുന്നു.