ചെല്ലാർകോവിൽ: തോരാമഴയിൽ സ്റ്റേഷനിലെത്തിയ കുട്ടികൾക്ക്‌ കുട സമ്മാനമായി നൽകി പോലീസ്. ചെല്ലാർകോവിൽ എൻ.എസ്.എസ്. എൽ.പി. സ്കൂളിലെ കുട്ടികളാണ് വണ്ടൻമേട് പോലീസ് സ്റ്റേഷൻ സന്ദർശിച്ചത്.

സ്റ്റേഷനിൽ എത്തിയ കുട്ടികളെ എസ്.ഐ. എ.ഡി. യേശുദാസൻ സ്വീകരിച്ചു. സ്റ്റേഷനിലെ വിവിധ പ്രവർത്തനങ്ങളെക്കുറിച്ചും തോക്കുകളുടെയും മറ്റും ഉപയോഗം എങ്ങനെയാണെന്നും കുട്ടികൾക്ക് ഉദ്യോഗസ്ഥർ വ്യക്തമാക്കിക്കൊടുത്തു. കളിത്തോക്കുകൾ കൊണ്ട് കളിച്ച കുരുന്നുകൾക്ക് ശരിക്കുള്ള തോക്കുകൾ സ്പർശിച്ചപ്പോൾ ആശ്ചര്യവും കൗതുകവും ആയിരുന്നു. എ.എസ്.ഐ. വിനോദ് കുടകൾ സമ്മാനമായി നൽകി. കുട്ടികൾക്ക് മധുരപലഹാരം നൽകുകയും കലാപരിപാടികൾ അവതരിപ്പിക്കുന്നതിന് അവസരം നൽകുകയും ചെയ്തു. സ്റ്റേഷനിലെ സൗഹൃദാന്തരീക്ഷം കുട്ടികളിലെ പേടി ഇല്ലാതാക്കി. കളിയും ചിരിയുമായി ഉദ്യോഗസ്ഥരും അവർക്കൊപ്പം പങ്കുചേർന്നത് വേറിട്ട അനുഭവമായി മാറി. എച്ച്.എം. ധന്യ., പി.ടി.എ. പ്രസിഡന്റ് പ്രഭു, ഉണ്ണിമായ, അധ്യാപകരായ അശോക്, പ്രിയ, സിനി എന്നിവരും കുട്ടികൾക്കൊപ്പമുണ്ടായിരുന്നു.