സംഭവം വീട്ടുകാർ നോക്കിനിൽക്കേ

മറയൂർ : വീടിനുമുൻപിൽ കെട്ടിയിട്ടിരുന്ന വളർത്തുനായയെ കാട്ടാന ആക്രമിച്ചുകൊന്നു. കാന്തല്ലൂർ കുണ്ടക്കാട് ചിറക്കടവ് പേരൂർ സോമന്റെ വീടിന് മുൻപിൽ കെട്ടിയിട്ടിരുന്ന ടോമി എന്ന നായയാണ് ആനയുടെ ആക്രമണത്തിൽ ചത്തത്.

രാത്രിയിൽ ഒരുമണിക്ക് വീടിന് മുൻപിലുള്ള പ്ലാവിൽനിന്ന് ചക്ക തിന്നാനെത്തിയതാണ് ഒറ്റയാൻ. ചങ്ങലയിൽകിടന്ന നായ കുരയ്ക്കുകയും ആന തുമ്പിക്കൈകൊണ്ട് നായയെ പിടികൂടി എറിയുകയുമായിരുന്നു.

സോമനും ഭാര്യ ലതികയും മക്കളായ അഭിലാഷും അമൃതയും സഹോദരി വത്സലയും മുൻവശത്തെ മുറിയിലെ ജനലിലൂടെ ഇത് കണ്ടു.

പുലർച്ചയോടുകൂടി പുറത്തിറങ്ങിയ സോമനും കുടുംബാംഗങ്ങളും കൽക്കെട്ടിന്റെ താഴെ ഗുരുതരാവസ്ഥയിൽ ചങ്ങലയിൽ കിടക്കുന്ന നായയെയാണ് കണ്ടത്. മൂന്നുമണിക്കൂറിനകം നായ ചത്തു.

മുമ്പ് പലതവണ ഒറ്റയാനെത്തിയപ്പോഴും കഴുത്തിൽകെട്ടിയ ചരടുപൊട്ടിച്ച്‌ നായ രക്ഷപ്പെട്ടിരുന്നു. മുമ്പ്‌ പലതവണ സോമന്റെ വീടിനു പരിസരത്ത് ഒറ്റയാനും ആനക്കൂട്ടങ്ങളുമെത്തി നാശനഷ്ടങ്ങളുമുണ്ടാക്കിയിട്ടുണ്ട്.

ഇതിന്റെ സമീപത്തുതന്നെയാണ് അടുത്തിടെ ഒരു അന്ധയായ യുവതിയെ ഒറ്റയാൻ ചവിട്ടിക്കൊന്നത്.