പീരുമേട്: പൊങ്കൽ ഉത്സവത്തിന് ജില്ലയുടെ അതിർത്തി ഗ്രാമങ്ങളും തോട്ടം മേഖലയും ഒരുങ്ങി. തമിഴ് വംശജർ കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളിലാണ് ആഘോഷം ഏറെയും. ഏലപ്പാറ, പാമ്പനാർ, വണ്ടിപ്പെരിയാർ, മൂന്നാർ, മറയൂർ, പൂപ്പാറ, ശാന്തൻപാറ പ്രദേശങ്ങളിലാണ് പൊങ്കൽ ആഘോഷിക്കുന്നത്. നാലുദിവസങ്ങളിലായാണ് ആഘോഷം. തമിഴ് മാസമായ മാർഗഴി അവസാന ദിവസം തുടങ്ങി തൈമാസം മൂന്നാംതിയതി വരെയാണ് പൊങ്കൽ ദിനങ്ങൾ. ഓരോ ദിവസങ്ങൾക്കും വ്യത്യസ്ത ചടങ്ങുകളും വിശ്വാസവുമാണ് ഉള്ളത്. വീടുകൾ വൃത്തിയാക്കി അലങ്കരിച്ചും പ്രധാന വാതിലിൽ കാപ്പുകെട്ടി കോലങ്ങൾ വരച്ചും ഇവിടെ ആഘോഷങ്ങൾ തുടങ്ങി കഴിഞ്ഞു. പൊങ്കൽ ആഘോഷങ്ങളുടെ പ്രധാന ഇനം കരിമ്പാണ്.

ബോഗി
മാർഗഴി മാസത്തിൻറെ അവസാന ദിവസമാണ് ബോഗി എന്നറിയപ്പെടുന്നത്. ഈ ദിവസം വിള നന്നാവാൻ നല്ല കാലാവസ്ഥ നൽകിയ സൂര്യഭഗവാന് നന്ദി അറിയിക്കുകയും വരും വർഷത്തെ വിളവെടുപ്പ് നന്നാവണമെന്ന് പ്രാർഥിക്കുകയും ചെയ്യും. വീട്ടിലുള്ള പഴയസാധനങ്ങൾ ചാണകവും തടിയും ഉപയോഗിച്ച് കത്തിക്കുന്നതോടെ ബോഗി ദിനം അവസാനിക്കും.
തൈപ്പൊങ്കൽ
പ്രധാന ആഘോഷമായ തൈപ്പൊങ്കൽ തൈമാസം ഒന്നാം തിയതിയാണ്. അന്നേദിവസം പ്രത്യേക പൂജകൾ ഉണ്ടാവും. മുറ്റത്ത് വർണാഭമായകോലം ഒരുക്കും. കോലത്തിനു സമീപം അടുപ്പ് കൂട്ടി അരി പാലിൽ വേവിക്കും. അരി, കരിമ്പ്, പഴം, നാളികേരം എന്നിവ സൂര്യന് സമർപ്പിക്കും. വീട്ടുകാർ പുത്തൻ വസ്ത്രങ്ങൾ ധരിക്കുകയും സമ്മാനങ്ങൾ കൈമാറുകയും ചെയ്യും.
മാട്ടുപ്പൊങ്കൽ
മൂന്നാം ദിനം മാട്ടുപ്പൊങ്കലാണ്. മാട്ടുപൊങ്കലിന് കന്നുകാലികളെ കുളിപ്പിച്ച് ഭസ്മവും വർണപ്പൊടികളും അണിയിച്ച് അലങ്കരിച്ച് പൂജകൾ നടത്തും. ഭഗവാൻ ശിവൻ തന്റെ വാഹനമായ നന്ദിയെ ശപിച്ചുവെന്നും തുടർന്ന് നന്ദി ഭൂമിയിലെത്തി കർഷകരെ നിലമുഴാൻ സഹായിച്ചുവെന്നും വിശ്വാസമുണ്ട്.
കാണുംപൊങ്കൽ
നാലാം ദിവസം കാണുംപൊങ്കൽ എന്ന ആഘോഷമാണ്. ബന്ധുക്കളും സുഹൃത്തുകളും ഒത്തു കൂടുകയും സമ്മാനങ്ങൾ കൈമാറുകയും ചെയ്യുന്ന ദിവസമാണിത്. തമിഴ് പുതുവർഷാരംഭം കൂടിയാണ് പൊങ്കൽ.
ചെങ്കരിമ്പാണ് താരം
മറയൂർ: അതിർത്തിഗ്രാമങ്ങളിൽ സമൃദ്ധിയുടെയും കാർഷിക വിളവെടുപ്പിന്റെയും വരവറിയിച്ചു കൊണ്ട് ചെങ്കരിമ്പ് വിളവെടുപ്പ് ആരംഭിച്ചു. തൈപ്പൊങ്കലാഘോഷത്തിന്റെ പ്രധാന വിഭവമായ ചെങ്കരിമ്പ് ഗ്രാമങ്ങളിൽ എത്തിച്ചു കഴിഞ്ഞു.
വിപണിയിലും തിരക്ക്
രാജാക്കാട്: പൊങ്കലെത്തിയതോടെ അതിർത്തിയിലെ വ്യാപാര മേഖലയും സജീവമായി. എലത്തിന് വില ഉയർന്ന് നിൽക്കുന്നതിനാൽ ആഘോഷത്തിന് ചെലവഴിക്കാൻ തൊഴിലാളികൾക്ക് ബുദ്ധിമുട്ടില്ല.