പൈനാവ്: റോഡ് നിർമാണത്തിന് ഫണ്ട് അനുവദിക്കാത്തതിനാൽ കൊന്നത്തടി പഞ്ചായത്ത് പ്രസിഡൻറ് ജോർജ് ജോസഫിന്റെ നേതൃത്വത്തിൽ ഭരണസമതി അംഗങ്ങൾ പൈനാവ് പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എൻജിനീയറെ ഉപരോധിച്ചു. പഞ്ചായത്തിലെ റോഡുകൾ മുഴുവൻ തകർന്നു കിടന്നിട്ടും പൊതുമരാമത്ത് വകുപ്പ് അധികൃതർ നിർമാണം നടത്താത്തതിൽ പ്രതിഷേധിച്ചാണ് ഉപരോധസമരം നടത്തിയത്. ഓഫീസിലെത്തിയ ജനപ്രതിനിധികളോട് റോഡ് അറ്റകുറ്റപ്പണി നടത്താമെന്ന് എക്സിക്യൂട്ടിവ് എൻജിനീയർ പറഞ്ഞെങ്കിലും മടങ്ങിപ്പോവാൻ പഞ്ചായത്ത് അംഗങ്ങൾ തയ്യാറായില്ല. തുടർന്ന് എക്സിക്യുട്ടീവ് എൻജിനീയർ ചീഫ് എൻജിനീയറുമായി ബന്ധപ്പെടുകയും കൊന്നത്തടി അഞ്ചാംമൈൽ റോഡിനും, മുള്ളിരിക്കുടി പെരിഞ്ചാൻകുട്ടി റോഡിനും പണം അനുവദിക്കാമെന്ന് അറിയിച്ചു. ഇതോടെ പ്രതിഷേധം അവസാനിപ്പിച്ച് അംഗങ്ങൾ പിരിഞ്ഞു പോയി. വൈസ് പ്രസിഡന്റ് മരിയാ ഷാജി, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ എൻ.എം. ജോസ്, ജയാവിജയൻ, അംഗങ്ങളായ ലിസമ്മ ജോസ്. ജെസി ജോസ്, മേഴ്സി ജോസ്, ബിന്ദു അശോകൻ , എം.മുരളി, ബിനോയി, ലിസി ജോസ് എന്നിവരും പ്രതിഷേധത്തിൽ പങ്കെടുത്തു.