മൂന്നാർ: പെട്ടിമുടിയിൽ ഒരു രാത്രികൊണ്ട് ഓർമയായ തങ്ങളുടെ ഉറ്റവരുടെ ശേഷിപ്പുകൾ തേടി ദുരന്തത്തിന്റെ ഒന്നാം വർഷം അതിർത്തി കടന്ന് അവരെത്തി. ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾ കല്ലറകളിൽ അലമുറയിട്ടുകരഞ്ഞത് പെട്ടിമുടിയുടെ നൊമ്പരക്കാഴ്ചയായി. പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരുടെ ഒന്നാം വാർഷികദിനമായിരുന്ന വെള്ളിയാഴ്ച രാവിലെയാണ് മരിച്ചവരുടെ തമിഴ്നാട്ടിൽനിന്നുള്ള ഇരുപതോളം ബന്ധുക്കളും മക്കളും രാജമലയിലെ കല്ലറകളിലെത്തിയത്. തുടർന്ന് ബന്ധുക്കളുടെ കല്ലറകളിൽ മാലകൾ ചാർത്തി. ഓർമകൾ ഒഴുകിയെത്തിയപ്പോൾ ദുരന്തത്തിൽ മരിച്ച തങ്ങളുടെ ഉറ്റവരെയോർത്ത് അവരുടെ മിഴികൾ ഈറനണിഞ്ഞു.

ബന്ധുക്കളുടെ അടുത്തെത്തിയ തമിഴ്നാട് സ്വദേശികളും പെട്ടിമുടി ദുരന്തത്തിൽപെട്ടിരുന്നു. ഇവരുടെ ബന്ധുക്കൾ രാവിലെ ഏഴുമണി മുതൽതന്നെ ചെറുസംഘങ്ങളായാണ് കല്ലറകളിലെത്തിയത്. കോവിഡ് നിയന്ത്രണങ്ങൾ മൂലം ഇ-പാസ് എടുത്താണ് തമിഴ്നാട്ടിൽനിന്നുള്ളവരെത്തിയത്. വൈകീട്ടോടെതന്നെ ഇവർ സ്വദേശത്തേക്ക് മടങ്ങി.

മരിച്ച തൊഴിലാളികളോടുള്ള ആദരസൂചകമായി ദുരന്തത്തിന്റെ ഒന്നാം വാർഷികദിനത്തിൽ കണ്ണൻദേവൻ കമ്പനിയുടെ എല്ലാ എസ്റ്റേറ്റിലും രാവിലെ 9-ന് തൊഴിലാളികളുടെ നേതൃത്വത്തിൽ പ്രാർഥനകൾ നടത്തി. വെള്ളിയാഴ്ച രാവിലെ ഏഴിന് രാജമലയിലെ കല്ലറയിൽ സർവമതപ്രാർഥനയും നടന്നു.