നെടുങ്കണ്ടം: ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് അങ്കണവാടി ജീവനക്കാർ നെടുങ്കണ്ടം ഐ.സി.ഡി.എസ്. ഓഫീസ് ഉപരോധിച്ചു. സമരം തുടങ്ങി മണിക്കൂറുകൾക്കുള്ളിൽ ഒരു മാസത്തെ ശമ്പളം ജീവനക്കാരുടെ അക്കൗണ്ടിലെത്തി. ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് പട്ടിണി സമരവുമായാണ് അങ്കണവാടി ജീവനക്കാർ നെടുങ്കണ്ടം ഐ.സി.ഡി.എസ്.ഓഫീസിലെത്തിയത്.
നെടുങ്കണ്ടം, കരുണാപുരം, പാമ്പാടുംപാറ പഞ്ചായത്തുകളിൽ ജോലിചെയ്തിരുന്ന അങ്കണവാടി ഹെൽപർമാർക്കും വർക്കർമാർക്കും ശമ്പളം ലഭിക്കാതെ വന്നതോടെയാണ് ജീവനക്കാർ സമരവുമായി രംഗത്തിറങ്ങിയത്. ജൂൺ മാസത്തിൽ അങ്കണവാടി വർക്കർമാർക്കു ലഭിക്കേണ്ട ഓണറേറിയം 11,563 രൂപയും ഹെൽപർമാർക്കു ലഭിക്കേണ്ട ഓണറേറിയം തുക 7500 രൂപയുമാണ് ലഭിക്കാതിരുന്നത്.
നെടുങ്കണ്ടം ഐ.സി.ഡി.എസ്. ഓഫീസിനു കീഴിലുള്ള 230 ജീവനക്കാർക്കാണ് ഒരു മാസത്തെ ശമ്പളം എട്ട് ദിവസത്തോളം വൈകിയത്. രാവിലെ 11-ന് ആരംഭിച്ച ധർണ സമരം ഉച്ചയ്ക്ക് 1.30-ന് അവസാനിച്ചു. ഉച്ചയ്ക്ക് 1.08-നാണ് ജീവനക്കാരുടെ അക്കൗണ്ടിൽ ശമ്പളമെത്തിയത്. സമരം ആരംഭിച്ച് മണിക്കൂറുകൾക്കകം ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടർന്നാണ് ജീവനക്കാരുടെ അക്കൗണ്ടുകളിൽ പണമെത്തിയത്. ധർണ സമരം പ്രോജക്ട് ലീഡർ എൻ. ശോഭന ഉദ്ഘാടനം ചെയ്തു.
കെ.എ.മറിയാമ്മ അധ്യക്ഷത വഹിച്ചു. നെടുങ്കണ്ടം ഐ.സി.ഡി.എസ്. ഓഫീസിലെ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും മോശമായ സമീപനവും അവസാനിപ്പിക്കാൻ സർക്കാർ നടപടിയെടുക്കണമെന്ന് അങ്കണവാടി ജീവനക്കാർ ആവശ്യപ്പെട്ടു. പി.കെ.സുമിനി, എം.എസ്.ശോഭന, െറജിമോൾ, ഗീത എന്നിവർ പ്രസംഗിച്ചു.