നെടുങ്കണ്ടം: കോടികളുടെ തിരിമറി നടത്തിയ വണ്ടൻമേട് സഹകരണ ബാങ്ക് സെക്രട്ടറി കെ.വൈ.ജോസിനെതിരേ ക്രമിനൽ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വണ്ടൻമേട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ബാങ്കിലേക്ക് മാർച്ചും ധർണയും നടത്തി. ഡി.സി.സി. പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ ഉദ്ഘാടനം ചെയ്തു. സസ്പെൻഷനിലുള്ള സെക്രട്ടറിയെ രക്ഷപെടുത്തുന്നതിനും, തെളിവു നശിപ്പിക്കുന്നതിനുമായി രൂപവത്കരിച്ച അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി പിരിച്ചുവിട്ട് ബാങ്കിൽ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ഡി.സി.സി. പ്രസിഡന്റ് ആവശ്യപ്പെട്ടു. കോൺഗ്രസ് നേതാക്കളായ സേനാപതി വേണു, ഷാജി പുള്ളോലിൽ, രാജാമാട്ടുക്കാരൻ, ജോർജ് ഉതുപ്പ്, രാജു ബേബി, ജോബൻ പാനോസ്, മോൻസി ബേബി എന്നിവർ പ്രസംഗിച്ചു.