തൊടുപുഴ: നെടുങ്കണ്ടം കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് ഇടുക്കി ലോക്‌സഭാ കമ്മിറ്റി നടത്തിയ ക്രൈംബ്രാഞ്ച് ഓഫീസ് മാർച്ചിൽ അക്രമം. പോലീസിന് നേരെ കല്ലും കൊടിക്കമ്പും വലിച്ചെറിഞ്ഞ പ്രവർത്തകർ പോലീസ് ബാരിക്കേഡ് അടിച്ചുതകർത്തു.

കസ്റ്റഡിമരണത്തിന് ഉത്തരവാദിയായ മുൻ എസ്.പി.യെ ക്രൈം ബ്രാഞ്ച് സംരക്ഷിക്കുന്നുവെന്നാരോപിച്ചാണ് യൂത്ത് കോൺഗ്രസ് ലോക്‌സഭാ കമ്മിറ്റി മാർച്ച്‌ നടത്തിയത്. രാവിലെ 11-ന് തൊടുപുഴ പ്രൈവറ്റ് ബസ്‌സ്റ്റാൻഡിൽ നിന്നും തുടങ്ങിയ മാർച്ചിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. ഗാന്ധി സ്ക്വയറിന് സമീപത്ത് പോലീസ് ബാരിക്കേഡ് തീർത്ത് പ്രവർത്തകരെ തടഞ്ഞു. തുടർന്ന് ബാരിക്കേഡ് തള്ളിമാറ്റാനൊരുങ്ങിയ പ്രവർത്തകരെ നേതാക്കൾ പിന്തിരിപ്പിച്ചു. പി.ടി.തോമസ് എം.എൽ.എ.മാർച്ച്‌ ഉദ്ഘാടനം ചെയ്തു.

പോലീസ് വണ്ടി കാണുമ്പോൾ ഇടിവണ്ടിയെന്ന് പറഞ്ഞിരുന്ന ജനം പിണറായി പോലീസിനെ കാണുമ്പോൾ മരണവണ്ടിയെന്ന് പറഞ്ഞു തുടങ്ങിയെന്ന്‌ പി.ടി.തോമസ്‌ പറഞ്ഞു. നെടുങ്കണ്ടം സംഭവത്തിൽ ഒന്നാംപ്രതിയായ എസ്.പി.ക്ക്‌ സ്ഥാനക്കയറ്റം കൊടുത്ത് തീവ്രവാദ വിരുദ്ധസേന തലവനാക്കി. അഴിമതിക്കാരനായ എസ്.പി. കുമാരമംഗലത്ത് പിഞ്ചുകുഞ്ഞ് മരിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്നും എസ്.പി.യുടെ അനധികൃതസ്വത്ത് സമ്പാദനം അന്വേഷിക്കണമെന്നും പി.ടി.തോമസ് എം.എൽ.എ.പറഞ്ഞു.

ഉദ്ഘാടനം കഴിഞ്ഞ് നേതാക്കൾ പോയതോടെ പ്രവർത്തകർ അക്രമാസക്തരാകുകയായിരുന്നു. ബാരിക്കേഡ് തള്ളിമാറ്റാൻ ശ്രമിച്ച പ്രവർത്തകർ പോലീസിന് നേരെ കൊടിക്കമ്പും തടിക്കഷണങ്ങളും വലിച്ചെറിഞ്ഞു. തുടർന്ന് പോലീസുമായി ഉന്തും തള്ളുമുണ്ടായി ഇതിനിടെ പ്രവർത്തകർ ഒരു ബാരിക്കേഡ്‌ അടിച്ചു തകർത്തു. മാർച്ചിന്റെ പിൻനിരയിൽനിന്നും പോലീസിന് നേരെ കല്ലേറുണ്ടായി.

ബാരിക്കേഡ് അടിച്ചു തകർക്കുന്നതിനിടയിൽ എതാനും പ്രവർത്തകർക്കും പോലീസുകാർക്കും നിസ്സാര പരിക്കേറ്റു. ഇതിനിടെ പ്രവർത്തകരെ പിന്തിരിപ്പിക്കാൻ വന്ന നേതാക്കളും പ്രവർത്തകരും തമ്മിൽ തർക്കമുണ്ടായി.യൂത്ത് കോൺഗ്രസ് ലോക്‌സഭാ മണ്ഡലം പ്രസിഡന്റ് ബിജോമാണി, റോയ് കെ.പൗലോസ്, തുടങ്ങിയവർ നേതൃത്വം നൽകി.