തൊടുപുഴ: ഓഫീസ് തുറക്കാനെത്തിയ മുത്തൂറ്റ് ഫിനാൻസ് ശാഖയിലെ മാനേജരടക്കം മൂന്ന് ജീവനക്കാർക്ക് മർദനമേറ്റു. തൊടുപുഴ മങ്ങാട്ടുകവല ശാഖാ മാനേജർ എം.സി.ജോയി, ജീവനക്കാരായ നവീൻ ചന്ദ്രൻ, അനീഷ് മാത്യു എന്നിവർക്കാണ് മർദനമേറ്റത്. ഇവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
അക്രമണത്തിന് പിന്നിൽ സി.ഐ.ടി.യു. പ്രവർത്തകരാണെന്ന് ഇവർ ആരോപിച്ചു. മൂന്നുപേരുടെയും മൊഴി രേഖപ്പെടുത്തിയ പോലീസ് കണ്ടാലറിയാവുന്നവർക്കെതിരേ കേസെടുത്തു.
ചൊവ്വാഴ്ച രാവിലെ 9.15-നായിരുന്നു സംഭവം. തൊഴിലാളി സമരത്തെത്തുടർന്ന് കുറച്ചുദിവസമായി അടഞ്ഞുകിടന്ന ശാഖ തിങ്കളാഴ്ച പോലീസ് സംരക്ഷണത്തിൽ പ്രവർത്തിച്ചിരുന്നു. ചൊവ്വാഴ്ച ഓഫീസ് തുറക്കാൻ മാനേജർ ജോയിയും മറ്റ് ജീവനക്കാരുമെത്തി. സംരക്ഷണത്തിനായി പോലീസിനെ വിളിക്കാൻ സമീപത്തെ കടയുടെ മുൻപിൽ നിൽക്കുകയായിരുന്ന ഇവരെ ബൈക്കിലെത്തിയ സംഘം മർദിച്ചു.
ജോയി റോഡിൽ തെറിച്ചുവീണു. പെട്ടെന്നുള്ള ആക്രമണമായതിനാൽ വാഹനത്തിന്റെ നമ്പർ ശ്രദ്ധിക്കാനായില്ലെന്ന് ജീവനക്കാർ പറഞ്ഞു. പ്രതികളെ കണ്ടെത്താൻ സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് പരിശോധിക്കും. അതേസമയം, സംഭവവുമായി തങ്ങളുടെ പ്രവർത്തകർക്ക് ബന്ധമില്ലെന്ന് സി.ഐ.ടി.യു. ജില്ലാ വൈസ് പ്രസിഡന്റ് ടി.ആർ.സോമൻ പറഞ്ഞു.
content highlights: muthoot employees attacked