Sമൂന്നാർ : കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ അപകടാവസ്ഥയിൽനിന്നിരുന്ന കോളേജ് കെട്ടിടം നിയന്ത്രിതസ്ഫോടനം വഴി തകർത്തു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് ഏറ്റവും അപകടാവസ്ഥയിലുണ്ടായിരുന്ന ലൈബ്രറി കെട്ടിടം സ്ഫോടനത്തിൽകൂടി തകർത്തത്.

സമീപത്തുണ്ടായിരുന്ന മറ്റൊരു കെട്ടിടം വ്യാഴാഴ്ച യന്ത്രസഹായത്തോടെ പൊളിച്ചുമാറ്റിയിരുന്നു. ദേശീയപാതയോരത്ത് ഏതു സമയത്തും നിലംപതിക്കാവുന്ന അവസ്ഥയിൽനിന്നിരുന്ന കെട്ടിടം യന്ത്രസഹായത്തോടെ പൊളിക്കുന്നതിന് കഴിയാതെവന്നതിനെ തുടർന്നാണ് നിയന്ത്രിതവസ്തു ഉപയോഗിച്ച് സ്ഫോടനം നടത്തി കെട്ടിടം തകർത്തത്‌. ദേശീയ പാതയിലേക്ക് പതിക്കാതെ കെട്ടിടാവശിഷ്ടങ്ങൾ അതേസ്ഥലത്തുതന്നെ പതിച്ചു. തകർത്ത കെട്ടിടത്തിന് 200 മീറ്റർ ദൂരത്തായി അപകടാവസ്ഥയിൽ കഴിയുന്ന അക്കാദമിക് ബ്ലോക്ക് കെട്ടിടം യന്ത്രസഹായത്തോടെ പൊളിക്കാൻ തുടങ്ങി.

രണ്ടു ദിവസത്തിനകം കെട്ടിടം പൊളിച്ചുനീക്കിയശേഷം ദേശീയപാത വഴിയുള്ള ഗതാഗതം പുനഃസ്ഥാപിക്കുമെന്ന് ദേശീയപാതാ അധികൃതർ പറഞ്ഞു.

ഒരാഴ്ച മുൻപുണ്ടായ കനത്തമഴയിലാണ് കോളേജിന് സമീപം മണ്ണിടിച്ചിലുണ്ടായി ഗതാഗതം നിലച്ചത്. 2018-ലെ പ്രളയത്തിലുണ്ടായ ഉരുൾപൊട്ടലിലാണ് കൊച്ചി-ധനുഷ്കോടി ദേശീയപാതയോരത്ത് പ്രവർത്തിച്ചിരുന്ന ഗവ.കോളേജ് തകർന്നത്.