മൂന്നാർ: മൂന്നാർ-ഉദുമൽപേട്ട റോഡിൽ കാട്ടാനയിറങ്ങി മണിക്കൂറുകൾ ഗതാഗതം തടസ്സപ്പെട്ടു. ബുധനാഴ്ച രാത്രി ഏഴുമണിക്കാണ് കന്നിയാർ ബംഗ്ളാവിനു സമീപം ഒറ്റയാൻ റോഡിലിറങ്ങി ഗതാഗതം തടസ്സപ്പെടുത്തിയത്.

നടുറോഡിൽനിന്ന ആനയെ മറികടന്ന് വാഹനങ്ങൾ കടന്നുപോയെങ്കിലും ഒട്ടേറെ വാഹനങ്ങൾക്ക് ആനയുടെ ആക്രമണത്തിൽ നേരിയ രീതിയിൽ കേടുപാടുകളുണ്ടായി. നാട്ടുകാർ ‘പടയപ്പ’ എന്നുവിളിക്കുന്ന ആനയാണ് അക്രമണം നടത്തിയത്.

പിന്നീട്, വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി കാട്ടാനയെ ഓടിച്ചശേഷമാണ് ഗതാഗതം സാധാരണ നിലയിലായത്. കഴിഞ്ഞ ഒരാഴ്ചയായി ഒറ്റയാൻ കന്നിമല ടോപ്പ് ഡിവിഷൻ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ശല്യമുണ്ടാക്കുന്നതായി നാട്ടുകാർ ആരോപിച്ചു.