മൂന്നാർ: പട്ടയഭൂമി റീസർവേ നടത്താത്തതിൽ പ്രതിഷേധിച്ച് വീട്ടമ്മ ആർ.ഡി.ഒ. ഓഫീസിനു മുൻപിൽ കുത്തിയിരുപ്പ് സമരം തുടങ്ങി. അടിമാലി മച്ചിപ്ലാവ് സ്വദേശിനി തുറവയ്ക്കൽ മോളി ഐസക് (60) ആണ് സമരം നടത്തുന്നത്.

അടിമാലി മന്നാംകണ്ടം വില്ലേജിൽ റീസർവേ ബ്ലോക്ക് നമ്പർ അഞ്ച് സർവേ 472/5ൽപ്പെട്ട 50 സെന്റ് പട്ടയഭൂമിയും വിരിവുമുൾപ്പെടെ 65 സെന്റ് സ്ഥലത്തിന്റെ റീസർവേ നടത്തണമെന്നാവശ്യപ്പെട്ട് 2012-ൽ താലൂക്ക് ഓഫീസിൽ അപേക്ഷ നൽകി. ഭർത്താവ് ഐസക്കിന്റെ മരണശേഷം അയൽവാസികളായ രണ്ടുപേർ ഇവിടെ 11 സെന്റ് പട്ടയഭൂമിയും ഇതിന്റെ വിരിവും ഉദ്യോഗസ്ഥ പിന്തുണയോടെ കൈവശപ്പെടുത്തിയതോടെയാണ് റീസർവേ ആവശ്യപ്പെട്ട് അപേക്ഷ നൽകിയത്.

എന്നാൽ, റീസർവേ നടത്തിയ ഉദ്യോഗസ്ഥർ സർവേ നടപടികൾ പൂർത്തിയാക്കാതെ അയൽവാസിക്ക് അനുകൂലമായ നിലപാടെടുത്തതിൽ പ്രതിഷേധിച്ച് ഒക്ടോബറിൽ മോളി മന്നാംകണ്ടം വില്ലേജ് ഓഫീസിനു മുൻപിൽ അഞ്ചുദിവസം രാപകൽ സമരം നടത്തി. ഇതേത്തുടർന്ന് കളക്ടർ ഇടപെട്ട് സമരം അവസാനിപ്പിച്ചു. സംഭവം സംബന്ധിച്ച് ദേവികുളം തഹസീൽദാർ അന്വേഷിച്ച് തീരുമാനമെടുക്കുമെന്ന കളക്ടറുടെ ഉറപ്പ് ഒരു മാസമായിട്ടും പാലിക്കാത്തതിൽ പ്രതിഷേധിച്ചാണ് ബുധനാഴ്ച മുതൽ മോളി സമരം തുടങ്ങിയത്.

സമരം അനാവശ്യം

മോളി ഐസക്കും അയൽവാസികളും തമ്മിലുള്ള ഭൂസംബന്ധമായ വിഷയത്തിൽ 2015 ഫെബ്രുവരി ഒൻപതിന് നോട്ടീസ് നൽകി. ഭൂമി അളന്ന് അതിർത്തി പുനർനിർണയം നടത്തി കക്ഷികളെ ബോധ്യപ്പെടുത്തി. ഇതുസംബന്ധിച്ച് ഇരുകൂട്ടരും ബോധ്യപ്പെട്ട് മൊഴി എഴുതിനൽകി. ദേവികുളം റവന്യൂ ഓഫീസിൽനിന്ന് 2015 മാർച്ച് 17-ന് ഇരുകൂട്ടർക്കും ഫോറം നമ്പർ 13 നോട്ടീസ് (അതിർത്തി പുനർനിർണയം പൂർത്തീകരിച്ചത് സംബന്ധിച്ച്) നൽകി. പരാതി സംബന്ധിച്ച എല്ലാ നടപടികളും പൂർത്തീകരിച്ചതിനാൽ സമരം അനാവശ്യവുമാണ്

-പി.കെ.ഷാജി, തഹസീൽദാർ.