മൂലമറ്റം: അറക്കുളം പഞ്ചായത്തിലെ വിവിധയിടങ്ങളിൽ ഞായറാഴ്ച ഉച്ചകഴിഞ്ഞ് വ്യാപകമായി കാറ്റു വീശി. ശക്തമായ കാറ്റിൽ മൂലമറ്റം-ഇന്റർമീഡിയറ്റ് റോഡിൽ മരംവീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്റർമീഡിയറ്റ് റോഡിന് സമീപം താമസിക്കുന്ന വെട്ടുകാട്ടിൽ ജോബിന്റെ കാർഷെഡ്ഡിന് മുകളിലേക്ക് മരം വീണ് കാർഷെഡ്ഡു തകർന്നു. മരം വീണ് വൈദ്യുതി ലൈനുകൾ പൊട്ടിവീണു. ഇതോടെ ഈ ഭാഗത്തേക്കുള്ള വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. മൂലമറ്റത്തുനിന്നെത്തിയ അഗ്നിരക്ഷാസേനയാണ് മരം വെട്ടിമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.