നെടുങ്കണ്ടം: തൂക്കുപാലത്ത് ഉണ്ടായത് ദൗർഭാഗ്യകരമായ സംഭവമാണെന്ന് മന്ത്രി എം.എം.മണി. അക്രമം ഉണ്ടായ തൂക്കുപാലത്തെ മുസ്ലിം പള്ളി സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. വിവിധ സമുദായങ്ങൾ സഹോദരങ്ങളേപ്പോലെ ജീവിക്കുന്ന സ്ഥലത്ത് വർഗീയവിഷം കുത്തിവെയ്ക്കാനും തമ്മിലടിപ്പിക്കാനും നടത്തുന്ന നീക്കങ്ങൾ ജാഗ്രതയോടെ കാണണം.
പള്ളിയിൽ നിസ്‌കരിക്കാനെത്തിയ വിശ്വാസിയെ ആക്രമിച്ചതും പള്ളിക്ക് നേരേ കല്ലെറിഞ്ഞതും തെറ്റാണ്. വിഷയത്തിൽ കുറ്റക്കാരെ പോലീസ് ഉടൻ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പള്ളിയിലെത്തിയ മന്ത്രിയെ ജമാ അത്ത് പ്രസിഡന്റ് വി.എം.സ്വാലിഹ് ഹാജി സ്വീകരിച്ചു.
കല്ലേറിൽ കേടുപാടുകൾ സംഭവിച്ച പള്ളിയുടെ ഭാഗങ്ങൾ മന്ത്രി നോക്കിക്കണ്ടു. സി.പി.എം. നേതാക്കളായ പി.എൻ.വിജയൻ, എൻ.കെ.ഗോപിനാഥൻ, ടി.എം.ജോൺ, വി.സി.അനിൽ, എം.എ.സിറാജുദീൻ തുടങ്ങിയവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.