മൂന്നാർ : വട്ടവടയിലെ ഭൂമിപ്രശ്നത്തിൽ സി.പി.ഐ. നേതാക്കളെ കടന്നാക്രമിച്ച് എം.എം.മണി എം.എൽ.എ. വട്ടവട കോവിലൂരിൽ നടന്ന സി.പി.എം. നയവിശദീകരണ യോഗത്തിലാണ് സി.പി.ഐ.യുടെ മുൻ മന്ത്രിമാരായ ബിനോയ് വിശ്വം, കെ.പി.രാജേന്ദ്രൻ, ഇ.ചന്ദ്രശേഖരൻ തുടങ്ങിയവർക്കെതിരേ അദ്ദേഹം ആഞ്ഞടിച്ചത്.

വട്ടവടയിൽ പാവപ്പെട്ട ആളുകളുടെ ഭൂമി ഉൾപ്പെടുത്തി നീലക്കുറിഞ്ഞി ഉദ്യാനം പ്രഖ്യാപിച്ചത് സി.പി.ഐ.യിലെ മുൻ മന്ത്രിയായ ബിനോയ് വിശ്വമാണ്. അന്നുമുതലിങ്ങോട്ട് വട്ടവടക്കാരുടെ ഭൂമിപ്രശ്നങ്ങൾ ശക്തമായി. മുൻ സർക്കാരുകളിലെ സി.പി.ഐ.യുടേതടക്കം റവന്യൂ മന്ത്രിമാരാണ് വട്ടവടയിൽ ഭൂമി കൈയേറ്റം വ്യാപകമാണെന്ന്‌ പറഞ്ഞത്. അന്നും ഇന്നും സി.പി.എം. സാധാരണക്കാരോടൊപ്പമാണ്. മൂന്നാർ, മറയൂർ, കാന്തല്ലൂർ, വട്ടവട മേഖലകളിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കാൻ തടസ്സം നിൽക്കുന്നത് സി.പി.ഐ.നേതൃത്വമാണ്.

ഇത്തരത്തിൽ ജനങ്ങൾക്ക് എതിരായി നിൽക്കുന്ന പാർട്ടിയിലേക്കാണ് സി.പി.എം. പ്രവർത്തകനായിരുന്ന പി.രാമരാജ് ഭൂമിപ്രശ്നം പരിഹരിക്കുമെന്നുപറഞ്ഞ് കുറച്ചുപേരുമായി ചേക്കേറിയിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥിയായിരുന്ന എ.രാജായെ തോൽപ്പിക്കാൻ രാമരാജ് ശ്രമിച്ചുവെന്നും എം.എം.മണി ആരോപിച്ചു.

സി.പി.എം. നേതാക്കൾക്ക് വട്ടവടയിൽ ബിനാമി പേരിൽ സ്വത്തുണ്ടെന്ന രാമരാജിന്റെ ആരോപണം തെളിയിച്ചാൽ അതുമുഴുവൻ പാവങ്ങൾക്ക്‌ വിതരണം ചെയ്യാൻ പാർട്ടി തയ്യാറാണെന്നും എം.എം.മണി പ്രഖ്യാപിച്ചു. ചടങ്ങിൽ രാമരാജിനൊപ്പം സി.പി.ഐ.യിലേക്കുപോയി എന്ന് നോട്ടീസിൽ വ്യാജമായി പേരുവന്ന 9 പേർ തങ്ങൾ സി.പി.എമ്മിൽ തന്നെയെന്ന് പ്രഖ്യാപിച്ചു.

കോവിലൂരിൽ നടന്ന ചടങ്ങിൽ സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ കെ.വി.ശശി, സി.വി.വർഗീസ്, എ.രാജ എം.എൽ.എ., മറയൂർ ഏരിയാ സെക്രട്ടറി വി.സിജിമോൻ, ലോക്കൽ സെക്രട്ടറി ടി.രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.