നെടുങ്കണ്ടം : അമ്മയെ അപായപ്പെടുത്താൻ മദ്യപനായ മകൻ വീടിനുള്ളിലെ പാചകവാതക സിലിൻഡർ തുറന്നുവിട്ടു. പാചകവാതകത്തിന്റെ ഗന്ധം അയൽവാസികൾ ശ്രദ്ധിച്ചതിനാൽ രക്ഷപ്പെട്ടു. കോമ്പയാർ മുരുകൻപാറയിൽ വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. തനിച്ച് താമസിക്കുന്ന അമ്മയുടെ വീട്ടിലെത്തിയ മകൻ സിലിൻഡർ തുറന്നുവിടുകയായിരുന്നു.

സമീപത്ത് ഗ്യാസിന്റെ ഗന്ധം രൂക്ഷമായതോടെ സമീപവാസികൾ അഗ്നിരക്ഷാസേനയെ വിളിച്ചറിയിച്ചു. അഗ്നിരക്ഷാസേനയെത്തി പരിശോധന നടത്തി. തുടർന്ന് വാതിലും ജനലുകളും തുറന്ന് അപകടസാഹചര്യം ഒഴിവാക്കി.

സിലിൻഡറിന്റെ റഗുലേറ്റർ ഊരിയ നിലയിലായിരുന്നു. ഇതാണ് സംശയമുണ്ടാക്കിയത്. പിന്നീടാണ് മകനാണ് ഇതിന്റെ പിന്നിലെന്ന് തിരിച്ചറിഞ്ഞത്. പ്രദേശവാസികൾ അമ്മയെ അയൽപക്കത്തുള്ള മറ്റൊരു വീട്ടിലേക്ക് മാറ്റി താമസിപ്പിച്ചു. സംഭവത്തിൽ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് നെടുങ്കണ്ടം പോലീസ് അറിയിച്ചു.