കുമളി: മണ്ഡലകാലത്തോടനുബന്ധിച്ച് സുരക്ഷാ നടപടികൾ വിലയിരുത്തുന്നതിനായി കേരള- തമിഴ്നാട് സംസ്ഥാനങ്ങളിലെ പോലീസ് ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം കുമളി ബാംബൂഗ്രോവിൽ ചേർന്നു.

മണ്ഡലകാലാരംഭം മുതൽ ഇരുസംസ്ഥാനങ്ങളുടെയും നേതൃത്വത്തിൽ ചെക്ക്പോസ്റ്റുകളിൽ കർശന പരിശോധന ആരംഭിക്കും. തമിഴ്നാട്, കർണാടക, ആന്ധ്ര, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള തീർഥാടകർ ആശ്രയിക്കുന്ന പ്രധാന ഇടത്താവളമായ കുമളിയിൽ ഭക്തർക്ക് സുരക്ഷയൊരുക്കുന്നതിനുള്ള എല്ലാ നടപടികളും അവസാന ഘട്ടത്തിലാണെന്ന് ഇരു സംസ്ഥാനങ്ങളിലെയും പോലീസ് ഉദ്യോസ്ഥർ പറഞ്ഞു. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനാണ് പ്രധാന പരിഗണനയെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

യോഗത്തിൽ അഡീഷണൽ എസ്.പി. പി.സുകുമാരൻ, തേനി അഡീഷണൽ എസ്.പി. കെ.മോഹൻകുമാർ, കട്ടപ്പന ഡിവൈ.എസ്.പി. എൻ.സി. രാജ് മോഹൻ, ഉത്തമപാളയം ഡിവൈ.എസ്.പി. എൻ.ചിന്നക്കണ്ണ്, ഡി.എസ്.എ. എസ്. ധനരാജ്, ഡിവൈ.എസ്.പി. പയസ് എം.ജോർജ്, ഡിവൈ.എസ്.പി. ജിൽസൺ മാത്യു, കുമളി സി.ഐ. വി.കെ. ജയപ്രകാശ് എന്നിവർ പങ്കെടുത്തു.

തീരുമാനങ്ങൾ:

* കുമളിയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി മറ്റ് സംസ്ഥാനങ്ങളിൽനിന്നെത്തുന്ന തീർഥാടകകരുടെ വാഹനങ്ങൾ കമ്പത്തുനിന്ന് കമ്പംമേട്ടു വഴി തിരിച്ചുവിടും.

* ഭക്തരുമായി വരുന്ന ബസുകൾ ചെക്ക്‌പോസ്റ്റിനു സമീപത്തെ റോഡരികിൽ പാർക്ക് ചെയ്യുന്നത് പൂർണമായും നിരോധിച്ചു. ഈ വാഹനങ്ങൾ അതിർത്തിയിലുളള തമിഴ്നാടിന്റെ ബസ്‌സ്റ്റാൻഡിൽ പാർക്ക് ചെയ്യണം.

* അതിർത്തിയിൽ ഓട്ടോറിക്ഷകൾ നിരനിരയായി പാർക്ക് ചെയ്യുന്നതും അനുവദിക്കില്ല.

* മണ്ഡലകാലത്തോടനുബന്ധിച്ച് അതിർത്തിയിലെ ഔട്ട്പോസ്റ്റിൽ 24 മണിക്കൂറും വാഹന പരിശോധന നടത്തും.

* പെർമിറ്റില്ലാതെ മുൻ വർഷങ്ങളിൽ വാഹനങ്ങൾ സർവീസ് നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടതിനാൽ ഇക്കൊല്ലം പരിശോധനയിൽ ഇത് പ്രധാനമായും പരിഗണിക്കും.

* ചെക്ക്പോസ്റ്റുകളിൽ ഭക്തർക്ക് ബോധവത്കരണ പരിപാടികൾ നടത്തും.