മറയൂർ: കനത്ത മഞ്ഞിലും മഴയിലും തായണ്ണൻകുടിയിലെ അമ്പതേക്കറിലധികം ബീൻസ് കൃഷി നശിച്ചു. ചിന്നാർ വന്യജീവി സങ്കേതത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ‘പുനർജീവനം’ പദ്ധതി പ്രകാരം കൃഷിചെയ്ത പതിനേഴിനം പരമ്പരാഗത ബീൻസിനങ്ങളുടെ കൃഷിയാണ് നശിച്ചത്.
കൃഷ്ണമണിപോലെ കാത്തു, പക്ഷെ,
പരമ്പരാഗത വിത്തിനങ്ങളെ സംരക്ഷിക്കുക എന്നുദ്ദേശത്തോടെ 2014-ൽ ആണ് പുനർജീവനം തുടങ്ങിയത്. ഇത്തവണ ബീൻസ് കൃഷിയാണ് ചെയ്തത്. ഒക്ടോബർ 17-ന് വിത്തുവിതച്ചു. കായിട്ട് തുടങ്ങിയപ്പോഴാണ് കനത്ത മഴയും മഞ്ഞും വന്നത്. പത്ത് ദിവസത്തോളം തുടർച്ചയായി മഴ പെയ്തു. കുടിക്കാണി ചന്ദ്രൻ, ശിവലിംഗം, അനിയപ്പൻ, തങ്കവേലു, അനേന്ദ്രൻ, തങ്കരാജ്, അന്നസ്വാമി, ലക്ഷ്മണൻ, പഞ്ചലിംഗം, ഏഴ് രാജ്, പാലമുത്തു എന്നിവരുടെയാണ് ബീൻസ് കൃഷി നശിച്ചത്.
ജനുവരി മാസത്തിൽ വിളവെടുക്കാറായ കൃഷി നശിച്ചത് കുടിക്കാർക്ക് ദുരിതമായി മാറി. ചിന്നാർ വന്യജീവി സങ്കേതത്തിൽ വനത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന തായണ്ണകുടി, വെള്ളക്കല്ല്, പുതുക്കുടി, മുളകാംപെട്ടി, ഇരുട്ടളക്കുടി തുടങ്ങി നിരവധി ഗോത്രവർഗ കോളനികളിലും വിവിധ കൃഷികൾ വ്യാപകമായി നശിച്ചിട്ടുണ്ട്. 2019-ലെ മികച്ച പരമ്പരാഗത കാർഷികവിളകളുടെ കൃഷിക്ക് സംസ്ഥാന, കേന്ദ്ര അവാർഡുകൾ തായണ്ണൻകുടിയിലെ ഗോത്രസമൂഹത്തിനാണ് ലഭിച്ചത്.