മൂന്നാർ: എസ്.സുന്ദരമാണിക്യത്തിന്റെ വിയോഗത്തിലൂടെ മൂന്നാറിലെ തോട്ടം തൊഴിലാളികൾക്ക് നഷ്ടമായത് അവർ ഏറെ ബഹുമാനിച്ചിരുന്ന തൊഴിലാളി നേതാവിനെയാണ്. എല്ലാവരും എന്നും സ്നേഹത്തോടെ തോഴർ എന്നും എസ്.എസ്. എന്നുമാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്. തമിഴ്നാട് തേനി ജില്ലയിലെ കോമ്പൈ സ്വദേശിയായ സുന്ദരമാണിക്യം 1940-ലാണ് ജനിച്ചത്. 16-ാം വയസ്സിൽ തൊഴിലാളിയായി തോട്ടം മേഖലയിൽ പ്രവർത്തനമാരംഭിച്ചു. ഇതിനിടയിൽ ലക്ഷ്മി പാർവതി ഡിവിഷനിലെ തൊഴിലാളിയായിരുന്ന അന്നമ്മാളിനെ വിവാഹം കഴിച്ചു.
1968-ൽ തോട്ടം തൊഴിലാളികൾക്കായുള്ള ബോണസ് സമരത്തിന് നേതൃത്വം നൽകിയതിന് 20 ദിവസം ജയിലിൽ കിടന്നു. വി.എം.കോശി, ജി.വരദൻ, ജോസഫ് ചാവേലി തുടങ്ങിയ നേതാക്കൾക്കൊപ്പമായിരുന്നു സമരം. അക്കാലത്താണ് എ.കെ.ജി.യുമായി അടുത്തത്. 1987-ൽ ദേവികുളത്തുനിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1991വരെ എം.എൽ.എ.യായി തുടർന്നു. യു.ഡി.എഫ്. സ്ഥാനാർത്ഥിയായിരുന്ന കുമാർ ഗണപതിയെയാണ് പരാജയപ്പെടുത്തിയത്. പിന്നീട് 1996-ലും 2001-ലും വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് പാർട്ടിയിൽ സജീവമായി.
മടക്കം വാടകവീട്ടിൽനിന്ന്
സംശുദ്ധ രാഷ്‌ട്രീയത്തിന്റെ പ്രതിരൂപമായിരുന്നു സുന്ദരമാണിക്യം. നിരവധി ഉന്നത പദവികൾ വഹിച്ചിട്ടും സ്വന്തമായി ഒരു വീട് ഉണ്ടാക്കാൻപോലും അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. മാട്ടുപ്പട്ടി റോഡിലെ കണ്ണൻദേവൻ കമ്പനിയുടെ വാടകവീട്ടിലായിരുന്നു താമസം. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ദീർഘനാളായി രാഷ്ട്രീയത്തിൽനിന്ന് വിട്ടുനിന്ന എസ്.എസ്.വീട്ടിൽ വിശ്രമത്തിലായിരുന്നു.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് മൃതദേഹം വീട്ടിൽനിന്ന് സി.പി.എം. മൂന്നാർ ഏരിയാ കമ്മിറ്റി ഓഫീസിലേക്ക് പൊതുദർശനത്തിനായി മാറ്റി. സി.പി.എം. ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രൻ മൃതദേഹത്തിൽ പാർട്ടി പതാക പുതപ്പിച്ചു. തോട്ടം തൊഴിലാളികളടക്കം നൂറുകണക്കിനാളുകളാണ് തങ്ങളുടെ നേതാവിന് അന്തിമോപചാരമർപ്പിക്കാൻ പാർട്ടി ഓഫീസിലേക്ക് എത്തിയത്.