തൊടുപുഴ: ജനവാസമേഖലയിൽ പ്രവർത്തിക്കുന്ന പാറമട 40 കുടുംബങ്ങളുടെ സ്വൈര്യജീവിതം തടസ്സപ്പെടുന്നുവെന്നാരോപിച്ച് നാട്ടുകാർ രംഗത്ത്. അഞ്ചിരി ഇടിവെട്ടിപ്പാറ കോളനിയിലെ ജനങ്ങളാണ് പാറമടക്കെതിരേ രംഗത്തുവന്നത്. പാറമടയിൽനിന്ന് അടിക്കടി കൽക്കഷണങ്ങൾ തെറിച്ചുവരുന്നതിനാൽ ജീവൻ ഭയന്ന് പുറത്തിറങ്ങാൻ കഴിയുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു.
വിണ്ടുകീറിയ വീടുകളിൽ പേടിയോടെ
മൂന്നുവർഷം മുമ്പാണ് ഇവിടെ പാറമട പ്രവർത്തിച്ചു തുടങ്ങിയത്. പാറപൊട്ടിക്കുമ്പോൾ കൽച്ചീളുകൾ 500 മീറ്റർ താഴെവരെ തെറിക്കുകയാണ്. കൽക്കഷണങ്ങൾ വീണ് വീടുകളുടെ ഓടുകളും ഷീറ്റുകളും പൊട്ടുന്നത് പതിവാണ്. കോൺക്രീറ്റ് വീടുകൾക്കും രക്ഷയില്ല. ഉഗ്രസ്ഫോടനം കാരണമുണ്ടാകുന്ന പ്രകമ്പനങ്ങൾ കാരണം ഇവയ്ക്ക് വിള്ളലുണ്ടാകുന്നു. കഴിഞ്ഞ ദിവസം മൂന്നുമാസം പ്രായമായ കുട്ടിയുടെ സമീപത്താണ് കല്ല് തെറിച്ചുവീണത്. പ്രതിഷേധം ശക്തമായതോടെ ചൊവ്വാഴ്ച ദുർബലമായൊരു വല പാറമടയ്ക്കും കോളനിക്കുമിടയിൽ കെട്ടി പാറപൊട്ടിക്കൽ തുടരുകയാണ്. അനുവദനീയമായ അളവിലും കൂടുതൽ പാറയാണ് ഇവിടെനിന്ന് ദിവസവും കൊണ്ടുപോകുന്നതെന്നും നാട്ടുകാർ പറയുന്നു.
പ്രശ്നങ്ങൾ തീരുന്നില്ല
* വാഹനങ്ങൾ ലോഡുമായി ചീറിപ്പായുന്നതിനാൽ റോഡ് മുഴുവൻ താറുമാറായി കിടക്കുകയാണ്.
* ജലദൗർലഭ്യം രൂക്ഷമായി. പാറക്കഷണങ്ങൾ വീണ് കുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ തകർന്നു.
* പാറമടയിൽ കൂട്ടിയിട്ട മണ്ണ് മഴയത്ത് ഇടിഞ്ഞ് താഴേക്ക് വരുന്നു. പഞ്ചായത്ത് കിണറ്റിലേക്കാണ് ഈ ചെളി ഒഴുകിയെത്തുന്നത്.
* കോളനിയിലെ പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ വിണ്ടുകീറി.
* പാറമടയിലെ സ്ഫോടനത്തിന്റെ ആഘാതത്തിൽ കോളനിയിലുള്ള പാറ വിണ്ടുകീറിയത് ചൂട് കാരണമാണെന്ന് പറഞ്ഞ് ലളിതവത്കരിക്കാനാണ് ജിയോളജി വിഭാഗം ശ്രമിച്ചത്.
സഹായത്തിനാരുമില്ല
കളക്ടർക്കും ആലക്കോട് പഞ്ചായത്തിനും പോലീസിനും ജിയോളജി വകുപ്പിനുമൊക്കെ പരാതി നൽകിയിരുന്നു. ഒരു നടപടിയുമഉണ്ടായില്ല. സഹികെട്ട് ലോഡുകൊണ്ടുപോകുന്ന വാഹനങ്ങൾ തടഞ്ഞപ്പോൾ പോലീസ് പാറമടക്കാർക്ക് വേണ്ടിയാണ് സംസാരിച്ചതെന്നും പ്രദേശവാസികളായ കെ.കെ.രാജൻ, ശശികല, ജിജേഷ് രാജൻ, സുനിൽ ജോസ്, കെ.ജി.സനീഷ് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.