ഉപ്പുതറ: തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണമാരംഭിക്കാനിരുന്ന കോട്ടമല-ഇടക്കാനം റോഡിന്റെ നിർമാണം ഏലപ്പാറ പഞ്ചായത്ത് സെക്രട്ടറിയുടെ നിർദേശത്തെ തുടർന്ന് തടഞ്ഞു. അസംസ്കൃത വസ്തുക്കളും യന്ത്രസാമഗ്രികളും സ്ഥലത്തെത്തിച്ച് പണിയാരംഭിക്കാൻ തുടങ്ങുന്നതിന് തൊട്ടുമുന്പാണ് നടപടി.
രണ്ട് വർഷം മുന്പ് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിൽ നടന്ന നിർമാണ പ്രവൃത്തിയിൽ കൃത്രിമം നടന്നതായി വിജിലൻസ് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇതോടെ പഞ്ചായത്തിലെ എല്ലാ പ്രവൃത്തികളും നിർത്തിവയ്ക്കാൻ നിർദേശം നൽകുകയായിരുന്നു. കൂടാതെ അനധികൃതമായി കൈവശപ്പെടുത്തിയ തുക തിരിച്ചടയ്ക്കാനും ഉത്തരവിട്ടു.
നവംബർ 18 മുതൽ 30 വരെയാണ് തൊഴിലുറപ്പ് പദ്ധതി പ്രകാരം നിർമാണം നടത്താൻ മസ്റ്റ് റോൾ നൽകിയിരുന്നത്. നിർമാണം മുടങ്ങിയതോടെ മസ്റ്റ് റോൾ തിരികെ നൽകുകയും ചെയ്തു. എന്നാൽ, പഞ്ചായത്തിലെ ഈ വാർഡിൽ മാത്രമാണ് നിർമാണ നിരോധനം നടപ്പാക്കിയിരിക്കുന്നതെന്ന് ജനപ്രതിനിധികൾ പറഞ്ഞു. മറ്റ് വാർഡുകളിൽ പണികൾ നടക്കുമ്പോൾ 200 കുടുംബങ്ങളുടെ നല്ല റോഡെന്ന സ്വപ്നമാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്.
മസ്റ്റ് റോൾ തിരികെ നൽകിയതിനാൽ റോഡുനിർമാണം തുടങ്ങണമെങ്കിൽ ഇനി പുതിയ മസ്റ്റ് റോൾ തയാറാക്കണം. തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിൽ ദിനങ്ങളും നാട്ടുകാരുടെ യാത്രാമാർഗവുമാണ് പ്രതിസന്ധിയിലായിരിക്കുന്നത്.