മാങ്കുളം: വിരിഞ്ഞപാറ പുഴപ്പാലത്തിന് സമീപം പാറക്കെട്ടിന് മുകളിൽനിന്ന് താഴേക്ക് വീണ പശുവിനെ അടിമാലി അഗ്നിരക്ഷാസേന ജീവനക്കാർ രക്ഷിച്ചു. ചാത്തമറ്റം സി.കെ.കുട്ടപ്പന്റെ പശുവിനെയാണ് രക്ഷിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് വലിയ പാറക്കെട്ടിൽനിന്ന് പശു താഴേക്ക് വീണത്. പുഴയിലെ പാറക്കൂട്ടങ്ങൾക്കിടയിൽ കുടുങ്ങിയ പശുവിനെ രക്ഷിക്കാൻ നാട്ടുകാർ പലതവണ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്നാണ് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചത്.
വ്യാഴാഴ്ച വൈകീട്ടോടെ അഗ്നിരക്ഷാസേന ജീവനക്കാർ എത്തി. ഓഫീസർ ബിജു കെ.ചാക്കോയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘം പുഴയിലേക്കിറങ്ങി പശുവിനെ കയറിൽ കെട്ടി മുകളിലേക്ക് കൊണ്ടുവരുകയായിരുന്നു. കുത്തനെയുള്ള പാറക്കെട്ടിലൂടെ മണിക്കൂറുകൾ പണിപ്പെട്ടാണ് പശുവിനെ ചുമന്നുകൊണ്ടുവന്നത്.