മൂന്നാർ : അത്യാസന്ന നിലയിലായ രോഗിയെ മണ്ണിടിഞ്ഞുവീണ് ഗതാഗതം നിലച്ചതിനാൽ ആശുപത്രിയിലെത്തിക്കാൻ വൈകിയത് പത്തു മണിക്കൂർ. വട്ടവട സ്വാമിയാർ അളകോളനിയിൽ ലക്ഷ്മി ഗോവിന്ദനാണ്(42) വിദഗ്ധ ചികിത്സ കിട്ടാതെ മണിക്കൂറുകളോളം അവശനിലയിൽ വീട്ടിൽ കഴിയേണ്ടിവന്നത്.

ഞായറാഴ്ച രാവിലെ 10-ന് നാട്ടുകാരുടെ നേതൃത്വത്തിൽ റോഡിലെ തടസ്സംനീക്കിയ ശേഷമാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ശനിയാഴ്ച രാത്രി ഏഴരയോടെയാണ് കോവിലൂരിൽനിന്ന്‌ ആദിവാസി കോളനിയായ സ്വാമിയാർ അളകുടിറോഡിലേക്ക്‌ കനത്ത മഴയിൽ മലയിടിഞ്ഞുവീണ് ഗതാഗതം നിലച്ചത്. രാത്രി 9-നാണ് ലക്ഷ്മി എന്ന വീട്ടമ്മ രക്തസമ്മർദം കുറഞ്ഞതിനെ തുടർന്ന് ആവശനിലയിലായത്.

തുടർന്ന് നാട്ടുകാർ ഇവരെ വാഹനത്തിൽ കയറ്റി കോവിലൂരിലെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും മണ്ണിടിഞ്ഞു കിടന്നതിനാൽ മുന്നോട്ടു പോകാൻ കഴിഞ്ഞില്ല. രോഗിയുമായി ഇവർ വീട്ടിലേക്ക് മടങ്ങി. സ്വാമിയാർ അളകുടിയിൽ മൊബൈൽ റേഞ്ച് ഇല്ലാത്തതിനാൽ വിവരം പുറംലോകത്ത് അറിയിക്കാനും കഴിഞ്ഞില്ല. രാത്രി നാട്ടുകാർ നാട്ടുചികിത്സകൾ നൽകിയെങ്കിലും വീട്ടമ്മ തീർത്തും അവശനിലയിൽതന്നെ കിടന്നു.

ഞായറാഴ്ച രാവിലെ ജില്ലാപഞ്ചായത്തംഗം സി.രാജേന്ദ്രന്റെ നേതൃത്വത്തിൽ നാട്ടുകാരെ സംഘടിപ്പിച്ച് റോഡിലെ മണ്ണ് നീക്കം ചെയ്യാൻ തുടങ്ങി. പത്തുമണിയോടെയാണ് തടസ്സം നീക്കി രോഗിയെ ആശുപത്രിയിലെത്തിച്ചത്. ഗതാഗത സംവിധാനം തീരെക്കുറഞ്ഞ ആദിവാസി കോളനിയിൽ പ്രകൃതിദുരന്തങ്ങളോ അടിയന്തരാവശ്യങ്ങളോ ഉണ്ടായാൽ പുറംലോകത്ത് അറിയിക്കാൻപോലും കഴിയാത്ത അവസ്ഥയിലാണ്‌ സ്വാമിയാർ അളകുടിയിലെ ആദിവാസി വിഭാഗങ്ങൾ.