കുമളി: പെരിയാർ കടുവാസങ്കേതത്തിലെ ഈസ്റ്റ് ഡിവിഷനിലെ (തേക്കടി) വനപാലകരടക്കം 75 ജീവനക്കാരെ ഡെപ്യൂട്ടി ഡയറക്ടർ കൂട്ടത്തോടെ സ്ഥലംമാറ്റി.
ബീറ്റ് ഫോറസ്റ്റ് ഓഫീസർ, ട്രൈബൽ ഫോറസ്റ്റ് വാച്ചർമാർ, പ്രൊട്ടഷൻ വാച്ചർമാർ, പത്ത് ഫോറസ്റ്റർ, ദിവസവേതന ഡ്രൈവർമാർ എന്നിവരെയാണ് പെരിയാർ ഈസ്റ്റ് ഡിവിഷനിലെ വിവിധ റേഞ്ചുകളിലേക്ക് മാറ്റിയത്. ആദ്യമായാണ് ഇത്രയും പേരെ ഒറ്റയടിക്ക് മാറ്റുന്നത്.
മൂന്ന് വർഷം കാലാവധി പൂർത്തിയാക്കുന്നവരെയാണ് മറ്റ് റേഞ്ചുകളിലേക്ക് മാറ്റുന്നത്. ജോലിയിൽ പ്രവേശിച്ച് മാസങ്ങൾ മാത്രം കഴിഞ്ഞവരെയും ഒരു വർഷം കഴിഞ്ഞവരെയും വിവിധ റേഞ്ചുകളിലേക്ക് സ്ഥലം മാറ്റിയതായി ജീവനക്കാർ ആരോപിക്കുന്നു. പ്രായമായവരെ ഉൾവനമേഖലയിലേക്ക് സേവനത്തിനയച്ചതായും പരാതിയുണ്ട്. ഭരണപരമായ കാരണങ്ങളാൽ സ്ഥലം മാറ്റുന്നുവെന്നാണ് ജീവനക്കാർക്ക് കിട്ടിയ ഉത്തരവിൽ സൂചിപ്പിക്കുന്നത്.
പെരിയാർ ഈസ്റ്റ് ഡിവിഷനു കീഴിൽ വള്ളക്കടവ്, പെരിയാർ, തേക്കടി, ഇക്കോ െഡവലപ്പ്മെന്റ്, ഫ്ളൈയിങ് സ്ക്വാഡ് എന്നിവിടങ്ങളിലേക്കാണ് സ്ഥലംമാറ്റം.
പെരിയാർ ഈസ്റ്റ് ഡിവിഷനു കീഴിൽ അടുത്തിടെ ആരും തന്നെ വകുപ്പുതല നടപടി നേരിട്ടിട്ടില്ലാത്തതിനാൽ കൂട്ട സ്ഥലംമാറ്റം അന്യായമെന്നാണ് പരാതിയിൽ പറയുന്നത്. ഇതിനിടെ ചിലരെ അതേ സ്ഥലത്ത് നിലനിർത്തിയതായും ആരോപണമുണ്ട്. വ്യക്തമായ കാരണമില്ലാതെ കൂട്ട സ്ഥലംമാറ്റം ഇക്കോ െഡവലപ്പ്മെന്റ് കമ്മിറ്റിയുമായി ബന്ധപ്പെട്ടുള്ള വായ്പാ തട്ടിപ്പു മറയ്ക്കാനാണെന്നും ആക്ഷേപമുണ്ട്.
ജോലി സൗകര്യം പരിഗണിച്ചുള്ള സ്ഥലംമാറ്റം:പരാതി ഉന്നയിച്ച് ആരും സമീപിച്ചിട്ടില്ല
പെരിയാർ ഇൗസ്റ്റ് ഡിവിഷനിലെ വിവിധ റേഞ്ചുകളിലേക്കാണ് ജീവനക്കാരെ മാറ്റിയിരിക്കുന്നത്. ഇതിന് സർക്കാർ ഉത്തരവുകളുടെ ആവശ്യമില്ല. ഒരു ഡിവിഷനിൽനിന്ന് മറ്റൊരു ഡിവിഷനിലേക്ക് ജീവനക്കാരെ മാറ്റുമ്പോഴാണ് സർക്കാർ മാനദണ്ഡങ്ങൾ പാലിക്കേണ്ടത്. പ്രായമായവരെ ഉൾവനങ്ങളിലേക്ക് മാറ്റിയെന്നത് ശരിയല്ല. ഉൾവനങ്ങളിൽ ജോലി ചെയ്തിരുന്ന 45 വയസ്സിൽ മുകളിൽ പ്രായമുള്ള മുഴുവൻ പേരെയും അവരുടെ ജോലി സൗകര്യങ്ങൾക്കനുസരിച്ചുള്ള ഇടങ്ങളിലേക്കാണ് മാറ്റിയിരിക്കുന്നത്. സ്ഥലം മാറ്റിയതിൽ പരാതി ഉന്നയിച്ച് ആരും തന്നെ സമീപിച്ചിട്ടില്ല. ന്യായമായ പരാതികളുണ്ടെങ്കിൽ പരിഗണിച്ച് ഉചിതമായ നടപടി സ്വീകരിക്കും.
ശിൽപ വി.കുമാർ
പെരിയാർ ഈസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ