തൊടുപുഴ: വയനാട്ടിൽ വിദ്യാർഥിനിക്ക് പാന്പ് കടിയേറ്റ സംഭവം ജില്ലയിൽ ആവർത്തിക്കാതിരിക്കാൻ സ്കൂളുകളിൽ പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് കെ.എസ്.യു.വിന്റെ നേതൃത്വത്തിൽ ഡി.ഡി. ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. സംഭവത്തിൽ ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ ഏഴു കെ.എസ്.യു. പ്രവർത്തകരെ ജാമ്യമില്ലാവകുപ്പുപ്രകാരം അറസ്റ്റുചെയ്തു.
കെ.എസ്.യു. ജില്ലാ പ്രസിഡന്റ് ടോണി തോമസ്, നേതാക്കളായ ഉമ്മർ ഫാറൂഖ്, ബിലാൽ സമദ്, വിഷ്ണു ദേവ്, സജിൻ സന്തോഷ്, മോബിൻ മാത്യു, റെമിൻ രാജൻ എന്നിവരാണ് അറസ്റ്റിലായത്.
ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരേ കേസെടുത്തിരിക്കുന്നത്.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 -നായിരുന്നു സംഭവം. വയനാട് ക്ലാസ് മുറിയിൽനിന്ന് പാമ്പു കടിയേറ്റ് സ്കൂൾ വിദ്യാർഥിനി മരിക്കാനിടയായ സാഹചര്യത്തിൽ ജില്ലയിലെ മുഴുവൻ സ്കൂളുകളിലും പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കണമെന്നവശ്യപ്പെട്ട്
കെ.എസ്.യു. നേതാക്കൾ നിവേദനവുമായി ജില്ലാ വിദ്യാഭ്യാസ ഓഫീസറെ കാണാനെത്തിയത്.
എന്നാൽ ഡി.ഡി. ഇവരുടെ നിവേദനം സ്വീകരിക്കുകയോ, വായിച്ചു നോക്കുകയോ പോലും ചെയ്യാതിരുന്നതോടെ കെ.എസ്.യു. പ്രവർത്തകർ പ്രതിഷേധിക്കുകയായിരുന്നു. ഡി.ഡി. ഇവരുടെ പ്രതിഷേധം മൊബൈലിൽ പകർത്താൻ ശ്രമിച്ചത് പ്രവർത്തകരുടെ പ്രതിഷേധം ഇരട്ടിയാക്കി. ഇതോടെ കെ.എസ്.യു. പ്രവർത്തകർ ഡി.ഡിക്കെതിരേ ആരോപണവും മുദ്രാവാക്യം വിളികളുമായി ഓഫീസ് മുറിയിൽ ഉപരോധ സമരം നടത്തി. തുടർന്ന് പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ ഇരുകൂട്ടരുമായി ചർച്ചയ്ക്ക് ശ്രമിച്ചെങ്കിലും
ഒരാളോട് മാത്രമേ സംസാരിക്കുെവന്ന് ഡി.ഡി. പറഞ്ഞതോടെ കെ.എസ്.യു. പ്രതിഷേധം വീണ്ടും ശക്തമായി. തുടർന്ന് തൊടുപുഴ എസ്.ഐ. എം.പി. സാഗറിന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം ഇവരെ ഇവിടെനിന്നു അറസ്റ്റുചെയ്തു നീക്കി.