തൊടുപുഴ: കൊക്കയാറിൽ ഉരുൾപൊട്ടി കാണാതായ കുട്ടികളുടെ മൃതദേഹങ്ങൾ ബുദ്ധിമുട്ടേറിയ പ്രദേശത്തുനിന്ന്‌ വീണ്ടെടുക്കാൻ സഹായിച്ചത് ശ്വാനസേന. മണ്ണും ചെളിയും കല്ലും മൂടിപ്പോയ പ്രദേശത്തുനിന്ന് മൃതദേഹങ്ങൾ വീണ്ടെടുക്കുക ശ്രമകരമായിരുന്നു.

എന്നാൽ, കേരള പോലീസിലെ ശ്വാനസേനയിലേക്ക് അടുത്തിടെയെത്തിയ നായ്ക്കളുടെ മികവ് സഹായകരമായി.

കൊച്ചിയിലെയും ഇടുക്കി ജില്ലയിലെയും ശ്വാനസേന ദുരന്തസ്ഥലത്ത് ഞായറാഴ്ച രാവിലെതന്നെ തിരച്ചിൽ ആരംഭിച്ചിരുന്നു. മണ്ണിനടിയിലെ മൃതദേഹങ്ങൾ കണ്ടെത്താൻ ശേഷിയുള്ള കെഡാവർ വിഭാഗത്തിൽപ്പെട്ട നായ്‌ക്കളായ മായ, മർഫി, സെർച്ച് ആൻഡ്‌ റെസ്‌ക്യു വിഭാഗത്തിൽപ്പെട്ട ലാബ്രഡോർ നായ ഡോണ എന്നിവരാണ് കൊക്കയാർ പൂവഞ്ചിയിലെ ദുരന്തഭൂമിയിലെത്തിയത്.

രാവിലെ 8.30-നുതന്നെ മായയും മർഫിയും ചേർന്ന് കുട്ടികൾ കിടക്കുന്ന സ്ഥലംകണ്ടെത്തി. മണംപിടിച്ച ശേഷം ഇവർ പ്രത്യേക ശബ്ദം പുറപ്പെടുവിച്ച പ്രദേശത്തേക്ക് രക്ഷാപ്രവർത്തകരെത്തി. തുടർന്ന് ഡോണയെ എത്തിച്ച് കുട്ടികളുടെ സാന്നിധ്യം സ്ഥിരീകരിച്ചശേഷം മണ്ണമാന്തിയന്ത്രംകൊണ്ട് ഇവിടെ തിരച്ചിലാരംഭിച്ചു. ഉച്ചയ്ക്ക് മൂന്നുമണിയോടെ അംന (7), അഫ്‌സാൻ (8), അഹിയാൻ (4) എന്നിവരുടെ മൃതദേഹങ്ങൾ കെട്ടിപ്പിടിച്ചനിലയിൽ കണ്ടെത്തി. കുടുങ്ങിപ്പോയ മറ്റുള്ളവരെക്കൂടി കണ്ടെത്തുന്നതിന് ശ്വാനസേന തിരച്ചിൽ തുടരും.

ഒന്നരവർഷം മുമ്പ് കേരള പോലീസിലെത്തിയ മായയും മർഫിയും പരിശീലനകാലത്ത് പെട്ടിമുടിയിലും മൃതദേഹങ്ങൾ കണ്ടെത്താൻ സഹായിച്ചിരുന്നു.