കട്ടപ്പന : ‘കുട്ടിയെ ഒറ്റയ്ക്ക് അയൽവീട്ടിൽ എന്തുവിശ്വസിച്ച് അയയ്ക്കും ടീച്ചറെ’- ടി.വി.യോ സ്മാർട്ട് ഫോണോ ഇല്ലാത്തതിനാൽ മകൾക്ക് വിദ്യാഭ്യാസം നൽകാൻ കഴിയതെ ആശങ്കപ്പെട്ട മാതാവിന്റെ ചോദ്യം ലിൻസി ടീച്ചറെ ഒന്ന് ഇരുത്തി ചിന്തിപ്പിച്ചു.

തന്‍റെ കുട്ടികളുടെ പ്രശ്നങ്ങൾക്ക് സ്വയം പരിഹാരം കണ്ടെത്താനുള്ള ലക്ഷ്യവുമായി ടീച്ചർ മുന്നിട്ടിറങ്ങിയപ്പോൾ ഈ ലോകം തന്നെ കൂടെനിന്നു. ലോകത്തിന്റെ പലഭാഗത്തുനിന്നായി സഹായം ഒഴുകിയെത്തിയപ്പോൾ കുട്ടികളുടെ കൈയ്യിലെത്തിയത് ഒന്നും രണ്ടുമല്ല 26 ടെലിവിഷനുകളാണ്. ഏറെ പിന്നാക്ക അവസ്ഥയിലുള്ള കുട്ടികൾ പഠിക്കുന്ന മുരിക്കാട്ടുകുടി ഗവ.ട്രൈബൽ സ്കൂളിലെ ഗണിതശാസ്ത്ര അധ്യാപികയാണ് ലിൻസി ജോർജ്. ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട് കുട്ടികളുടെ വീട്ടിൽ വിളിച്ചപ്പോഴാണ് പലർക്കും സൗകര്യങ്ങളില്ലെന്ന് അറിയുന്നത്. ഇവരെ സഹായിക്കാനായി സമൂഹമാധ്യമങ്ങളിലൂടെ ടീച്ചർ അഭ്യർഥന നടത്തി.

കുട്ടിക്കാനം മരിയൻ കോളേജിലെ എക്സ്റ്റൻഷൻ ഡിപ്പാർട്‌മെന്റും ടീച്ചർക്കൊപ്പം ചേർന്നു. ഇതോടെ ജർമനിയിലെ മ്യൂണിക് കേരള സമാജം, കുട്ടിക്കാനം മരിയൻ കോളേജ്, എം.സി.എ. അലുമിനി കൂട്ടായ്മ, തൊടുപുഴ ജയ്റാണി സ്‌കൂൾ അലുമിനി കൂട്ടായ്മ, എറണാകുളം എ.ബി.മൗരി ഗ്രൂപ്പ് ജീവനക്കാർ, മറ്റു സുമനസുകൾ എന്നിവർ സഹായ ഹസ്തം നീട്ടി. ഇത്രയും ടെലിവിഷനുകൾ ലഭിക്കുമെന്ന് ടീച്ചർ പോലും പ്രതീക്ഷിച്ചില്ല.

ഇവ ടീച്ചറിൽനിന്നും ഇടുക്കി ജില്ലാ കളക്ടർ എച്ച്.ദിനേശൻ ഏറ്റുവാങ്ങി പ്രഥമാധ്യാപകൻ വി.ശിവകുമാറിന് കൈമാറി.

സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും ഓൺലൈൻ പഠനത്തിനുള്ള സൗകര്യം ഒരുക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ലിൻസി ടീച്ചർ പറയുന്നു. മുൻപ് സ്കൂളിലെ നിർധനരായ അഞ്ച് വിദ്യാർഥികൾക്ക് സുമനസുകളുടെ സഹായത്തോടെ വീട് നിർമിച്ച് നൽകിയ ടീച്ചർ ആറാമത്തെ വീടിന്റെ നിർമാണവുമായി ബന്ധപ്പെട്ട തിരക്കിൽ കൂടിയാണ്.