ഉപ്പുതറ: അപ്പാപ്പൻപടിയിൽ റോഡിനും കലുങ്കിനും ഉടൻ പൊക്കംവെയ്ക്കും. ഇനി ഇടുക്കി ജലസംഭരണിയിൽ പരമാവധി ജലനിരപ്പുയർന്നാലും കോടാലിപ്പാറ, ചന്ദ്രൻസിറ്റി നിവാസികൾക്ക് മുളംചങ്ങാടത്തെ ആശ്രയിക്കേണ്ടി വരില്ല. റോഡിന്റെയും കലുങ്കിന്റെയും ഉയരംകൂട്ടാനുള്ള പണികൾ അവസാനഘട്ടത്തിലാണ്.

ഇടുക്കി അണക്കെട്ടിൽ ജലനിരപ്പുയർന്നാൽ വെള്ളിലാങ്കണ്ടം-ചന്ദ്രൻസിറ്റി-കോടാലിപ്പാറ റോഡ് വെള്ളംമൂടി മാസങ്ങളോളം നാട്ടുകാരുടെ യാത്രമുടങ്ങുന്നത് പതിവായിരുന്നു. ഈ സമയം വിദ്യാർഥികളുൾപ്പെടെയുള്ളവർ മുളംചങ്ങാടത്തിലായിരുന്നു പുറംലോകത്ത്‌ എത്തിയിരുന്നത്. അതല്ലെങ്കിൽ കിലോമീറ്ററുകൾ ചുറ്റി വളയണം.

വെള്ളം താഴ്‌ന്നാലും അപ്പാപ്പൻപടിയിലെ കലുങ്ക് തകർന്നതിനാൽ 20 വർഷമായി ഇതുവഴിയുള്ള വാഹന ഗതാഗതം തടസ്സപ്പെട്ടിരുന്നു. പ്രദേശവാസികളുടെ ദുരിതം മാധ്യമങ്ങൾ പല തവണ വാർത്തയാക്കിയിരുന്നു. നാട്ടുകാരുടെ നിരന്തരമായ സമ്മർദം കൂടിയുണ്ടായതോടെ അപ്പാപ്പൻപടിയിൽ പുതിയ കലുങ്ക് നിർമിക്കാനും റോഡുയർത്തി പണിയാനും കാഞ്ചിയാർ പഞ്ചായത്ത് കഴിഞ്ഞ വർഷിക ബജറ്റിൽ 29ലക്ഷം രൂപ അനുവദിച്ചു. മേയ് മാസം പണി പൂർത്തിയാകേണ്ടതായിരുന്നു. എന്നാൽ, ബിൽ മാറുന്നതിലുണ്ടായ തടസ്സം കരാറുകാരനെ സാമ്പത്തികമായി ബാധിച്ചു. എങ്കിലും ഒരു മാസത്തിനകം പൂർത്തിയാകുംവിധം ദ്രുതഗതിയിലാണ് ഇപ്പോൾ പണി പുരോഗമിക്കുന്നത്. റോഡുനിർമാണം പൂർത്തിയാകുന്നതോടെ 600-ഓളം കുടുംബങ്ങളുടെ യാത്രാദുരിതത്തിനാണ് ശാശ്വത പരിഹാരമാകുന്നത്.