തൊടുപുഴ: കാഡ്സിന്റെ നേതൃത്വത്തിൽ വിദ്യാലയങ്ങളിൽ ആരംഭിച്ച പച്ചക്കുടുക്ക പദ്ധതി കാർഷികമേഖലയ്ക്ക് മുതൽക്കൂട്ടാകുമെന്ന് നഗരസഭാ വൈസ് ചെയർമാൻ അഡ്വ. സി.കെ.ജാഫർ പറഞ്ഞു. മുതലക്കോടം സേക്രഡ്ഹാർട്ട് സ്കൂളിൽ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടികളിൽ കാർഷികാഭിമുഖ്യം വളർത്തുക, പാഴായിപ്പോകുന്ന പച്ചക്കറികളും പഴവർഗങ്ങളും വിപണിയിലെത്തിക്കുക, സമ്പാദ്യശീലം വളർത്തുക എന്നീ ലക്ഷ്യങ്ങളോടെ ആരംഭിച്ച പദ്ധതി സ്റ്റുഡന്റ്സ് പോലീസ് കേഡറ്റിന്റെ നേതൃത്വത്തിലാണ് മുതലക്കോടം സ്കൂളിൽ ആരംഭിച്ചത്.
കറിവേപ്പില, മുരിങ്ങയില, മത്തയില തുടങ്ങിയ ഇലവർഗങ്ങളും വാഴപ്പിണ്ടിയും വാഴച്ചുണ്ടും ചക്കക്കുരുവും വിവിധ പച്ചക്കറികളും പേരക്ക, റംബൂട്ടാൻ തുടങ്ങിയ പഴങ്ങളും ഉൾപ്പെടെ രണ്ടായിരത്തോളം രൂപയുടെ ജൈവ ഉത്പന്നങ്ങളാണ് ആദ്യദിനം കുട്ടികൾ സ്കൂളിലെത്തിച്ചത്. ആഴ്ചതോറും കുട്ടികൾക്ക് ലഭിക്കുന്ന ഈ തുക ബാങ്കിൽ നിക്ഷേപിച്ചശേഷം വർഷാവസാനം കുട്ടികൾക്ക് വിതരണം ചെയ്യും.
സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ റോസിലി അധ്യക്ഷയായി. കാഡ്സ് പ്രസിഡന്റ് ആന്റണി കണ്ടിരിക്കൽ, പച്ചക്കുടുക്ക കോ-ഓർഡിനേറ്റർ കെ.എം.മത്തച്ചൻ, സ്കൂൾതല കോ-ഓർഡിനേറ്റർ റെക്സി ടോം, അൻസിയ അഷറഫ് എന്നിവർ പ്രസംഗിച്ചു. സംഭരിച്ച ഉല്പന്നങ്ങൾ തൊടുപുഴ കാഡ്സ് ഓപ്പൺ മാർക്കറ്റിലെത്തിച്ച് പൊതുജനങ്ങൾക്ക് വിതരണം ചെയ്തു. ഈ വർഷം 20 സ്കൂളിലാണ് പദ്ധതി നടപ്പാക്കുന്നത്. ദിവസവും ഉല്പന്നങ്ങൾ കാഡ്സ് ഓപ്പൺ മാർക്കറ്റിൽ ലഭിക്കും.