മറയൂർ: കേരള അതിർത്തിഗ്രാമമായ മധുക്കര വനമേഖലയ്ക്കു സമീപമുള്ള ഗ്രാമങ്ങളിൽ ഭീതി പടർത്തിയ പുലികളിലൊന്ന്‌ വനംവകുപ്പ് ഒരുക്കിയ കെണിയിൽ വീണു. മധുക്കരയ്ക്കടുത്തുള്ള ചൊന്നന്നൂർ, ചെമ്മട്, മോനപ്പാളയം തുടങ്ങിയ ഗ്രാമങ്ങളിലാണ് നിരവധി കന്നുകാലികളെ വേട്ടയാടിയ മൂന്നു പുലികൾ ഭീതിപടർത്തിയത്. 40 ദിവസമായി എട്ട്‌ ആടുകളെ കൊന്നുതിന്നു. ഗ്രാമവാസികളുടെ പ്രതിഷേധത്തിനൊടുവിൽ വനംവകുപ്പു നടത്തിയ പരിശോധനയിൽ പുലികളുടെ സാന്നിദ്ധ്യം കണ്ടെത്തി.

നവംബർ 22-ന് വിവിധ മേഖലകളിൽ കൂടുകൾ സ്ഥാപിച്ചു. 25-നു വീണ്ടും ആടുകളെ പുലികൾ കൊന്നുതിന്നിരുന്നു. ബുധനാഴ്ച ഒരു കൂട്ടിൽ കെട്ടിയിട്ടിരുന്ന ആടിനെ പിടികൂടാനെത്തിയ ആൺപുലിയാണ്‌ കൂട്ടിൽ കുടുങ്ങിയത്‌. പുലിയുടെ ഇടതുകണ്ണിന് അസുഖം ബാധിച്ച നിലയിലാണ്. പിടിയിലായ പുലിയെ ഭാവനസാഗർ വനമേഖലയിൽ തുറന്നുവിട്ടു. പെൺപുലിയെയും കുട്ടിയെയും പിടികൂടുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. പിടികൂടിയ പുലിയുടെ കണ്ണിൽ അസുഖമുണ്ടെന്നു കണ്ടെത്തിയിട്ടും ചികിത്സ നടത്താതെ ഭാവനസാഗർ വനമേഖലയിൽ തുറന്നുവിട്ടതിനെതിരേ പ്രകൃതിസ്നേഹികൾ രംഗത്തെത്തി. കണ്ണിന്റെ കാഴ്ച മങ്ങുന്നതോടെ വേട്ടയാടി തീറ്റ കണ്ടെത്തുന്നതിനു കഴിയാതെവരുമെന്ന് ഇവർ പറയുന്നു.