മൂന്നാർ: കാലവർഷത്തിൽ ഇടിഞ്ഞുവീണ മണ്ണും കല്ലും നീക്കംചെയ്യാത്തതുമൂലം ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. പള്ളിവാസൽ മുതൽ ഹെഡ് വർക്സ് ഡാം വരെയുള്ള ഭാഗങ്ങളിലാണ് മണ്ണും കല്ലുകളും വീണുകിടക്കുന്നത്.

വൻമല ഇടിഞ്ഞുവീണ ഹെഡ് വർക്സ് ഡാമിനു സമീപത്താണ് ഏറ്റവുമധികം ഗതാഗതതടസ്സം. ഇവിടെ കാലവർഷത്തിൽ വൻമല ഇടിഞ്ഞുവീണ് ദിവസങ്ങളോളം ഗതാഗതം നിലച്ചിരുന്നു. പിന്നീട് ഒരു വാഹനത്തിന് കടന്നുപോകാൻ പാകത്തിൽ മണ്ണ് നീക്കംചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചു.

എന്നാൽ മഴ മാറി ആഴ്ചകൾ കഴിഞ്ഞിട്ടും ബാക്കി ഭാഗത്തെ മണ്ണും കല്ലുകളും നീക്കംചെയ്യാത്തതിനാൽ ഗതാഗതതടസ്സം പതിവാണ്. മൂന്നാറിൽ നീലക്കുറിഞ്ഞി സീസൺ ആരംഭിച്ചതോടെ വരുംദിവസങ്ങളിൽ സഞ്ചാരികളുടെ വൻ തിരക്കാണ് പ്രതീക്ഷിക്കുന്നത്.