വണ്ണപ്പുറം: ലോറിക്കാരുടെ കണക്കുകൂട്ടല്‍ തെറ്റിയത് ഗൂഗിള്‍ മാപ്പ് നോക്കി റോഡ് തിരഞ്ഞെടുത്തതിനാല്‍. പാലക്കാടുനിന്ന് ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം പുറപ്പെട്ട വാഹനം മൂവാറ്റുപുഴയില്‍നിന്ന് വണ്ണപ്പുറത്തിനു തിരിയുകയായിരുന്നുവെന്ന് കാളിയാര്‍ പോലീസ് പറഞ്ഞു. സാധാരണ റൂട്ട് മൂവാറ്റുപുഴ, തൊടുപുഴ വഴി കട്ടപ്പനയിലെത്തുകയായിരുന്നു.

എന്നാല്‍ ഗൂഗിള്‍ മാപ്പ് വഴി റൂട്ടുനോക്കിയപ്പോള്‍ മൂവാറ്റുപുഴ വണ്ണപ്പുറം കഞ്ഞിക്കുഴി വഴിയാണ് കണ്ടത്. ഇതനുസരിച്ച് വാഹനം ഓടിച്ച ഇരുവരും മുണ്ടന്‍മുടി മുതല്‍ കുത്തനെ കയറ്റമുള്ള റോഡിലേക്കാണെത്തിയത്. 20 ടണ്ണിലേറെ ഭാരം കയറ്റിയ വാഹനം ആദ്യഘട്ടങ്ങളിലെ ചെറുകയറ്റങ്ങള്‍ കയറി. എന്നാല്‍ കമ്പകക്കാനത്തെത്തിയപ്പോള്‍ വാഹനം മുന്‍പോട്ടു പോവാത്ത അവസ്ഥയിലായി.

ഇതേത്തുടര്‍ന്ന് വാഹനം തിരിച്ചുവിട്ടു. കുത്തനെയുള്ള ഇറക്കമിറങ്ങി വരുന്നവഴി നിയന്ത്രണംവിട്ട ലോറി വീടിനു മുകളിലേക്ക് പതിക്കുകയായിരുന്നു. ഈ റോഡില്‍ ഇത്രയും കയറ്റവും വളവുകളും ഉള്ള വിവരം മനോജിനും സിജോക്കും ധാരണ ഇല്ലായിരുന്നുവെന്ന് പോലീസ് സൂചിപ്പിച്ചു.

തൊടുപുഴ ഡിവൈ.എസ്.പി. എന്‍.എന്‍.പ്രസാദ്, കാളിയാര്‍ സി.ഐ. അഗസ്റ്റിന്‍ മാത്യു, എസ്.ഐ. വിഷ്ണു കുമാര്‍, ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരായ കരുണാകരന്‍പിള്ള, സാജന്‍ വര്‍ഗീസ്, ബിജു പി.തോമസ്, മനു ആന്റണി, മനോജ് കുമാര്‍, വിജീഷ്, നൗഷാദ്, ജിജോ ഫിലിപ്പ്, ഡോ. റ്റിബിന്‍ റ്റി.ജോണി, വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസ്, പഞ്ചായത്തംഗം ബിനീഷ് ലാല്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വംനല്‍കി.