മറയൂർ: കൃഷിയിടത്തിൽ നട്ടുവളർത്തിയ കഞ്ചാവുചെടി പോലീസ് കണ്ടെത്തി നശിപ്പിച്ചു. മറയൂർ ഇന്ദിരാനഗർ പുനരധിവാസകോളനി ഭാഗത്ത്‌ ചെല്ലമുത്തുവിന്റെ പുരയിടത്തിൽ നട്ട് പരിപാലിച്ചുവന്ന കഞ്ചാവുചെടികളാണ് നശിപ്പിച്ചത്

ചെല്ലമുത്തു ചെറുകഞ്ചാവ് പൊതികൾ വിൽക്കുന്നതായി മനസ്സിലാക്കിയ പൊലീസ് വീട് റെയ്ഡ് ചെയ്യാനെത്തിയപ്പോഴാണ് വീട്ടുവളപ്പിലെ കഞ്ചാവുചെടികൾ കണ്ടത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പൊതിയായി സൂക്ഷിച്ചിരുന്ന 190 ഗ്രാം കഞ്ചാവ് പോലീസ് കണ്ടെത്തി. ചെല്ലമുത്തുവിനെ പിടികൂടാൻ സാധിച്ചില്ല.

കഞ്ചാവുചെടികളുടെ നീളവും തുക്കവും കണക്കാക്കി ചെല്ലമുത്തുവിന്റെ പേരിൽ കേസെടുത്തു. മറയൂർ സബ് ഇൻസ്‌പെക്ടർ ജി.അജയകുമാർ, അഡീഷണൽ എസ്.ഐ. റ്റി.ആർ.രാജൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ ജോളിജോസഫ്, ഷിഹാബുദ്ദീൻ എന്നിവരടങ്ങുന്ന അന്വേഷണ ഉദ്യോഗസ്ഥരാണ്‌ കഞ്ചാവും ചെടികളും കണ്ടെത്തി നശിപ്പിച്ചത്.