മൂന്നാർ : ഇടമലക്കുടിയിലെ പഞ്ചായത്ത് ഓഫീസ് കെട്ടിടം മൂന്നാംതവണയും കാട്ടാനകൂട്ടം തകർത്തു. ഞായറാഴ്ച രാത്രി 10 മണിയോടെയാണ് എട്ട് ആനകളടങ്ങിയ സംഘം സൊസൈറ്റി കുടിയിൽ പ്രവർത്തിക്കുന്ന കെട്ടിടം തകർത്തത്.

ജനാലകളും വാതിലും ഭിത്തികളും തകർത്തശേഷം മടങ്ങിയ ആനകൾ സമീപത്തുള്ള കുട്ടികൾക്കുള്ളപട്ടികവർഗ ഹോസ്റ്റൽ കെട്ടിടത്തിന്റെയും ഭിത്തികളും ജനാലകളും തകർത്തു. ഇത് മൂന്നാംപ്രാവശ്യമാണ് പഞ്ചായത്ത് ഓഫീസ് കെട്ടിടം കാട്ടാനകൾ നശിപ്പിക്കുന്നത്. തിങ്കളാഴ്ച രാത്രിയിലും കാട്ടാനകളെത്തി പഞ്ചായത്ത് ഓഫീസിന്റെയും സമീപത്തുള്ള അക്ഷയ സെന്റർ കെട്ടിടത്തിന്റെയും ഭിത്തികൾക്ക് കേടുവരുത്തുകയും ചെയ്തു.

ഇത് മൂന്നാംതവണ ഇടമലക്കുടി പഞ്ചായത്ത് ഓഫീസ് കാട്ടാന തകർത്തു
കാട്ടാനകള്‍ തകര്‍ത്ത ഇടമലക്കുടിയിലെ പട്ടികവര്‍ഗ ഹോസ്റ്റല്‍ കെട്ടിടം

ഒരുവർഷം മുൻപ് തകർത്ത കെട്ടിടം എട്ടുലക്ഷം രൂപാ ചെലവിട്ട് അടുത്തനാളിലാണ് അറ്റകുറ്റപണികൾ പൂർത്തിയാക്കിയത്. കെട്ടിടം ഉപയോഗ ശൂന്യമായതോടെ പുതിയ പഞ്ചായത്ത്ഭരണസമിതിക്ക് യോഗം ചേരാനോ തീരുമാനങ്ങൾ എടുക്കുന്നതിനോ ഇടമില്ലാത്ത അവസ്ഥയിലാണ്.

ആന ചെല്ലാത്ത ആ ഭൂമി അനുവദിക്കണം

ഇടമലക്കുടിയിൽ പ്രവർത്തിക്കുന്ന എല്ലാ സർക്കാർ ഓഫീസുകളും ഒരു കുടക്കീഴിലാക്കുന്നതിന് പുതിയ കെട്ടിടം നിർമിക്കാൻ ഭൂമി അനുവദിക്കണമെന്നാവശ്യപ്പെട് സർക്കാറിന് പഞ്ചായത്ത് സെക്രട്ടറി കത്തുനൽകി.നിലവിലെ സൊസൈറ്റി കുടിയിലെ പഞ്ചായത്ത് ഓഫീസിനു സമീപത്തായി വന്യമൃഗങ്ങൾ കടന്നു ചെല്ലാത്ത ഒരു ഹെക്ടർ വനഭൂമിയാണ് ഇതിനായി ആവശ്യപ്പെട്ടിരിക്കുന്നത്. ഇടമലകുടിയിൽ പ്രവർത്തിക്കുന്ന എല്ലാ സർക്കാർ ഓഫീസുകളും, ആശുപത്രിയും സ്കൂളും, ജീവനക്കാർക്കുള്ള താമസ സൗകര്യമുൾപ്പെടെയുള്ള സംവിധാനങ്ങളോടു കൂടിയ കെട്ടിടം നിർമിക്കുന്നതിനാണ് ഭൂമി ആവശ്യപ്പെട്ടിരിക്കുന്നത്. തദേശ സ്വയംഭരണ പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് ഇതുസംബന്ധിച്ചു പഞ്ചായത്ത് സെക്രട്ടറി കത്തുനൽകിയത്.

Content Highlight: Elephant attack in Edamalakkudy hostel building