മൂന്നാർ: പുറംലോകവുമായി ബന്ധപ്പെടാൻ ബുദ്ധിമുട്ടുന്ന ആദിവാസി ഗോത്രവർഗ കോളനിയായ ഇടമലക്കുടിയിലെ ജനങ്ങളുടെ യാത്രാക്ലേശത്തിന് പരിഹാരമൊരുങ്ങുന്നു. 24 മണിക്കൂറും പ്രവർത്തനക്ഷമമായ രണ്ട്‌ വാഹനങ്ങളും അതിന് ഡ്രൈവർമാരെയും പട്ടികവർഗ വകുപ്പ് നിയമിച്ചു.

13 ലക്ഷം രൂപ ചെലവുവരുന്ന വാഹനങ്ങൾ വനം വകുപ്പിനുകീഴിലുള്ള മൂന്നാർ ഫോറസ്റ്റ് ഡെവലപ്മെന്റ് ഏജൻസിയുടെ സഹകരണത്തോടെയാണ് വാങ്ങിയത്. മുൻപ് വല്ലപ്പോഴുമെത്തുന്ന ട്രിപ്പ് ജീപ്പുകളിൽ കൂടുതൽ പണം നൽകിയാണ് ഇടമലക്കുടിക്കാർ പുറംലോകത്തെത്തിയിരുന്നത്. ഇവിടേക്ക് സ്ഥിരമായി ഒരു റോഡുപോലുമില്ല. ശനിയാഴ്ച ഇഡ്ഡലിപ്പാറയിൽ നടക്കുന്ന ചടങ്ങിൽ സബ് കളക്ടർ എസ്.പ്രേംകൃഷ്ണൻ വാഹനങ്ങൾ ഫ്ളാഗോഫ് ചെയ്യും.

പ്രവർത്തനം ഇങ്ങനെ

ഒരു വാഹനം ഇടമലക്കുടിയിലെ ഇഡ്ഡലിപ്പാറയിലും മറ്റൊരു വാഹനം മൂന്നാറിലും സ്ഥിരമായി കിടക്കും. ഇടമലക്കുടിയിൽനിന്നുള്ളയാളും വനംവകുപ്പിന്റെ കീഴിലുള്ളയാളുമായിരിക്കും ഡ്രൈവർമാർ. രാത്രിയിൽ അടിയന്തര സാഹചര്യങ്ങളിലും ഇവരുടെ സേവനം ലഭിക്കും. ഇരുവശത്തേക്കും പകൽ സർവീസുകളുണ്ടാകും. 150 രൂപയാണ് ഒരാൾക്ക് ടിക്കറ്റ് നിരക്ക്. വാഹനത്തിന്റെ അറ്റകുറ്റപ്പണികൾ, ഡ്രൈവറുടെ ശമ്പളം എന്നിവ യാത്രക്കൂലി ഇനത്തിൽ ലഭിക്കുന്ന തുകകൊണ്ട് നടത്തും.