rijo
റിജോ

തൊടുപുഴ: ശാരീരിക പ്രശ്നങ്ങളാണോ ഒരാളുടെ പരിമിതികളുടെ അളവുകോൽ എന്ന് ചോദിച്ചാൽ ഇരുകൈയും വാക്കിങ് സ്റ്റിക്കിലൂന്നി കൂവക്കണ്ടം സ്വദേശി റിജോ രാജൻ പറയും, തീർച്ചയായും അല്ല എന്ന്. കാലുകൾ തളർന്നുപോയിട്ടും പഠിക്കാനുള്ള സാഹചര്യമില്ലാതിരുന്നിട്ടും പ്രതിസന്ധികളോട് പൊരുതി ജയിച്ച ആത്മവിശ്വാസത്തിൽ പറയും-നമ്മുടെ മനസ്സാണ് എല്ലാം.

പഠനം വഴിമുട്ടിപോവുകയും പിന്നീട് പത്താം ക്ലാസ് തുല്യതാ പരീക്ഷ ജയിച്ച് സർക്കാർ ജോലി വരെയെത്തിയ നേട്ടങ്ങൾ. പക്ഷേ, അവിടംകൊണ്ട് തീരുന്നില്ല. തിങ്കളാഴ്ച മുതൽ വാക്കിങ് സ്റ്റിക്കിൽ തന്റെ ആത്മവിശ്വാസത്തെയും മുറുകെ പിടിച്ച് പുതിയ നേട്ടങ്ങൾ കൊയ്തെടുക്കാനുള്ള തയ്യാറെടുപ്പിലാണ് റിജോ. തിങ്കളാഴ്ച തുടങ്ങുന്ന, ഹയർസെക്കൻഡറി തുല്യതാ കോഴ്‌സിന്റെ രണ്ടാംവർഷ പൊതുപരീക്ഷ എഴുതാൻ ഈ 31-കാരനുമുണ്ട്.

കൂവക്കണ്ടം വല്ലയംതോട്ടത്തിൽ റിജോ രാജൻ ചെറുപ്പംമുതൽ പ്രതിസന്ധികളോട് പൊരുതിയാണ് ജീവിച്ചത്. അതുകൊണ്ട് തന്നെ പഠനം ഇടയ്ക്ക് മുടങ്ങി. പക്ഷേ, വിട്ടുകൊടുക്കാൻ തയ്യാറായില്ല. പത്താം ക്ലാസ് തുല്യതാ പരീക്ഷയെഴുതി ജയിച്ചു.

വാക്കിങ്‌ സ്റ്റിക്കിന്റെ സഹായത്തോടെയും മുച്ചക്രവാഹനത്തിൽ യാത്രചെയ്തുമാണ് റിജോ തൊടുപുഴ ഡയറ്റ് സ്‌കൂളിലെ സമ്പർക്ക പഠനക്ലാസുകളിൽ എത്തിയിരുന്നത്. പ്ലസ് വൺ ഉയർന്നമാർക്കോടെ വിജയിച്ചു. പിന്നെ കാരിക്കോട് സബ് രജിസ്ട്രാർ ഓഫീസിലെ ഓഫീസ് അസിസ്റ്റന്റായി ജോലിയിലേക്ക്. അതേ ആർജവത്തോടെ തന്നെയാണ് രണ്ടാം വർഷ പരീക്ഷയിലേക്കും കടക്കുന്നത്. പഠനം ഇതുകൊണ്ടവസാനിപ്പിക്കാനും തയ്യാറല്ല.