ചെറുതോണി: മഴ പെയ്യുന്നുണ്ടായിരുന്നില്ല. എങ്കിലും വാട്‌സാപ്പിൽ മെസേജുകൾ വന്നു നിറയുന്നുണ്ടായിരുന്നു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിന്റെ ഔദ്യോഗിക അറിയിപ്പ്. ബുധനാഴ്ച രാവിലെ എട്ടിന് 2395.84 അടിയായിരുന്നു യാത്ര തുടങ്ങുമ്പോൾ. ആഴ്ചകൾക്കുശേഷം ഇടുക്കിക്കാർ വെയിൽകണ്ട ദിവസം. ചെറുതോണിയിൽനിന്നു രാജ്യത്തെ ഏറ്റവും വലിയ ആർച്ച് ഡാമിന്റെ അടിഭാഗത്തേക്ക്. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽനിന്നു അണക്കെട്ട് പണിയാനെത്തി ഇവിടുത്തുകാരായവരുടെ സമീപത്തേക്ക്. അതുവഴി കുതിരക്കല്ലിലേക്ക്.

ആശുപത്രി കയറിയിറങ്ങുന്നവർ

പലർക്കും വയ്യാതായിരിക്കുന്നു. വാർധക്യസഹജമായ അസുഖങ്ങളുമായി ബുദ്ധിമുട്ടുകയാണ് മിക്കവരും. അണക്കെട്ട് നിർമാണസമയത്ത് കമ്പനി ക്വാർട്ടേഴ്‌സായിരുന്നിടം ഇപ്പോൾ അവരുടെ വീടായിരിക്കുന്നു. കുട്ടികൾ പഠിച്ച് വളർന്ന് പറക്കമുറ്റിയിരിക്കുന്നു. അച്ഛനും അമ്മയും പറഞ്ഞ അണക്കെട്ട് നിർമാണകഥകൾ ആദ്യം കേൾക്കാൻ ഭാഗ്യം ലഭിച്ചവർ അഭിമാനത്തോടെ സംസാരിച്ചു. അപ്പോഴേക്കും ആശുപത്രിയിൽനിന്നു മരുന്ന് വാങ്ങിയവരും തിരിച്ചെത്തിക്കൊണ്ടിരുന്നു. ഒട്ടേറെ കുടുംബങ്ങൾ ഇവിടെയുണ്ടായിരുന്നെങ്കിലും പലരും പലജോലിയുമായി അടുത്തസ്ഥലത്തേക്ക് മാറിപ്പോയി. യുവത്വം മുഴുവൻ ഇടുക്കിക്കായി മാറ്റിവെച്ച് വയസ്സുകാലത്ത് അധികൃതർ തിരിഞ്ഞുനോക്കാത്ത അവർ ഓർമകൾ അയവിറക്കി. ’ഫൈനൽ’ (അവസാനഘട്ട) പണിയും കഴിഞ്ഞ് മൂലമറ്റത്ത് മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ അഭിമാനത്തോടെ നോക്കിക്കണ്ടതും പറയുമ്പോൾ എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞു.

ശിവരാമന്റെ ചായക്കട

ചായക്കട നിർത്തിയിട്ട് വർഷങ്ങളായെങ്കിലും ശിവരാമന്റെ കടയിൽ തിരക്കിന് കുറവുണ്ടായിരുന്നില്ല. റാന്നിയിൽനിന്നു 1966-ൽ ഇടുക്കിയിലേക്ക് എത്തിയതാണ് പുളിക്കമണ്ണിൽ പി.എൻ.ശിവരാമൻ. ഭാര്യാസഹോദരന്റെ ഒപ്പമായിരുന്നു ഇവിടേക്ക് എത്തിയത്. കല്യാണശേഷം ഭാര്യ കമലമ്മ ഡിസ്‌പെൻസറിയും ശിവരാമന്റെ ചായക്കടയും തുടങ്ങി. തൊഴിലാളികൾക്ക് ശിവരാമൻ വെച്ചുവിളമ്പി. ചായ, കടി, ഊൺ എന്നിവയ്ക്കെല്ലാം 10 പൈസയായിരുന്നു വില. പതിനഞ്ചാംപക്കം കൂലികിട്ടുമ്പോൾ പണം തരും. എൻജിനീയേഴ്‌സും ഹിന്ദിക്കാരും എല്ലാം ഭക്ഷണം കഴിക്കാനെത്തും. എല്ലാവരോടും പരിചയം ഉണ്ടായിരുന്നതിനാൽ എവിടെയും കയറിച്ചെല്ലാമായിരുന്നു. കുറവനും കുറത്തിമലയ്ക്കും ഇടയിൽ വലിയ കുഴിയുണ്ടായിരുന്നു. ഇവിടെ തോട്ടയിട്ടും മറ്റും മീൻപിടിച്ചിട്ടുണ്ടെന്നും അദ്ദേഹം ഓർത്തെടുക്കുന്നു. ഒരിക്കൽ പശുവിനെ തീറ്റിക്കൊണ്ടിരുന്നപ്പോൾ രണ്ട് തൊഴിലാളികൾ അണക്കെട്ടിൽനിന്നു താഴേക്ക് വീണ കാഴ്ച മനസ്സിൽനിന്നു മാറുന്നില്ലെന്ന് ശിവരാമൻ പറയുന്നു. അന്ന് കോൺഗ്രസ് മരിയാപുരം മണ്ഡലം സെക്രട്ടറികൂടിയായിരുന്നു ശിവരാമൻ. ഹോട്ടൽ എവറസ്റ്റ്, ഐലന്റ്, അമ്മാവന്റെ ചായക്കട എന്നീ ചായക്കടകളും അന്നുണ്ടായിരുന്നുവെന്ന് ശിവരാമൻ പറയുന്നു.

കമലമ്മയുടെ പ്രസവശുശ്രൂഷ

ശിവരാമന്റെ ഭാര്യയായിരുന്നു വി.എൻ.കമലമ്മ. സഹോദരന്റെ ഡിസ്‌പെൻസറിയിൽ സഹായിയായെത്തിയ കമലമ്മ മിഡ് വൈഫറി കോഴ്‌സ് പാസായിരുന്നു. അണക്കെട്ട് നിർമാണത്തിന് വന്ന തൊഴിലാളികളുടെ മക്കളുടെ പ്രസവം എടുത്തിരുന്നത് കമലമ്മയായിരുന്നു. രാത്രികാലങ്ങളിൽപോലും കമലമ്മ എല്ലാവരുടെയും സഹായത്തിനായി ഓടിയെത്തുമായിരുന്നു.

അണക്കെട്ടിന്റെ ബന്ധുക്കൾ

ആലുവ അരുമ്പാശ്ശേരി വീട്ടിൽനിന്നു ഉമ്മർ,അലിയാർ,മരയ്ക്കാർ സഹോദരന്മാരും ഇടുക്കിയിൽ പണിക്കായെത്തി. പൊന്മുടി ഡാം പണിക്കെത്തി കുഞ്ചിത്തണ്ണിയിൽനിന്നു ഇടുക്കിക്ക്‌ വരികയായിരുന്നു ഇവർ. ജാക്യാമർ ഉപയോഗിച്ച് പാറപൊട്ടിക്കുന്നതും മറ്റുമായിരുന്നു പ്രധാനജോലി. ഷിഫ്റ്റ് അനുസരിച്ചുള്ള ജോലിക്ക്‌ അധികപണവും ലഭിച്ചു. ഇവരും രണ്ട് വീടുകളിലായി ഇപ്പോൾ കഴിയുന്നു. കമ്പനിതൊഴിലാളികളായിരുന്ന ഇവർക്ക് അണക്കെട്ട് ജോലികഴിഞ്ഞ് തുച്ഛമായ പണമാണ് ലഭിച്ചത്. അതിനുശേഷം ഉമ്മർ തടിക്കച്ചവടവും മറ്റുമായി കഴിഞ്ഞു. ഇതിനിടെ അസുഖബാധിതനായി. ഇപ്പോൾ ഭാര്യ നബീസ തൊഴിലുറപ്പ് പണിക്കുപോയി കിട്ടുന്നതുകൊണ്ടാണ് കുടുംബം മുന്നോട്ട് കൊണ്ടുപോകുന്നത്. അലിയാർ വനംവകുപ്പിൽ താത്കാലിക വാച്ചർ ആയി ജോലിചെയ്യുന്നു.

‘ഫൈനലും’ ആയിരംതോട്ടയും

ഓരോ ജോലിക്കും ഓരോ കൂലിയായിരുന്നു. മൺപണി, കല്ല് നീക്കംചെയ്യുക എന്നീ ജോലികൾക്ക് രണ്ടര രൂപയായിരുന്നു കൂലി. പാറപൊട്ടിക്കുന്നതിനായി ജാക്യാമർ ഉപയോഗിച്ചുള്ള ജോലിക്ക്‌ ഒരുദിവസം വിവിധ ഷിഫ്റ്റുകളിലായി 10 രൂപ വരെ ഒപ്പിക്കുമായിരുന്നു. വിദഗ്‌ധ തൊഴിലുകളും മറ്റും ഹിന്ദിക്കാരായിരുന്നു ചെയ്തത്. രാവിലെ ആറുമുതൽ തുടങ്ങുന്ന എട്ടുമണിക്കൂറിന്റെ ഷിഫ്റ്റുകളിൽ 24 മണിക്കൂറും അണക്കെട്ടിന്റെ ജോലികൾ നടന്നിരുന്നു. ശമ്പള വർധന ആവശ്യപ്പെട്ട് നടന്ന സമരങ്ങളും അണക്കെട്ടിന്റെ ഫൈനലും വികാരനിർഭരമായിരുന്നെന്നും അവർ പറയുന്നു. ഒരുദിവസം രണ്ടും മൂന്നും ഘട്ടങ്ങളിലായി ആയിരത്തിലേറെ തോട്ടകൾ പൊട്ടുമായിരുന്നെന്നും കരുനാഗപ്പള്ളിയിൽനിന്നു ഇവിടെയെത്തിയ പുത്തൻപുരയിൽ കുഞ്ഞുപണിക്കൻ പറയുന്നു.

കുതിരക്കല്ലിലേക്ക്

അണക്കെട്ട് നിർമാണത്തൊഴിലാഴികളെ കണ്ടശേഷം നേരെ പോയത് വെള്ളക്കയത്തേക്കായിരുന്നു. ചെറുതോണി ഡാം ഷട്ടർ തുറന്നാൽ ആദ്യം വെള്ളമെത്തുക ഇവിടെയാണ്. അധികൃതർ നോട്ടീസ് നൽകിയതിനെത്തുടർന്ന് വീട്ടിലെ സാധനങ്ങൾ അടുക്കിക്കെട്ടി വെയ്ക്കുകയായിരുന്നു കുന്നുംതൊഴുത്തിൽ വി.ഒ.മൈക്കിളിന്റെ ഭാര്യ ചിന്നമ്മ. ഇവിടെയുള്ള 25-ഓളം കുടുംബങ്ങൾക്ക് നോട്ടീസ് കിട്ടി. മുൻപ് ഷട്ടർ തുറന്നപ്പോൾ ഇവിടെയൊന്നും വെള്ളംകയറിയിരുന്നില്ല. പെരിയാറിലൂടെ വെള്ളം പരന്നൊഴുകിപ്പോയി. കുറച്ച് കൃഷിനാശം ഉണ്ടായതല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ലെന്നും ചിന്നമ്മ പറയുന്നു. എത്ര കുത്തൊഴുക്കായാലും രണ്ട് മൂന്ന് മണിക്കൂറിൽ വെള്ളം ഒഴുകിപ്പോകും. അത്രയേയുള്ളൂ.

മരിയാപുരം കുതിരക്കല്ല് വെള്ളാലിൽ ലളിതയ്ക്ക് ഭയം വീടിന് താഴെയുള്ള വിറകുപുര വെള്ളം കൊണ്ടുപോയേക്കുമോയെന്നാണ്. അധികൃതരുടെ നിർദേശപ്രകാരം വിറകുകൾ എടുത്തുമാറ്റി. ആവശ്യമെങ്കിൽ കുതിരക്കല്ല് സ്‌കൂളിൽ ആരംഭിക്കാനിരിക്കുന്ന ദുരിതാശ്വാസക്യാമ്പിലേക്ക് കുടുംബസമേതം മാറുമെന്നും അവർ പറയുന്നു. തിരികെ തടിയമ്പാട് ചപ്പാത്ത് വഴി ചെറുതോണിയിലേക്ക് എത്തിയപ്പോഴും അണക്കെട്ടിലെ ജലനിരപ്പ് 2395.96 അടിയെത്തിയതേ ഉണ്ടായിരുന്നുള്ളൂ.