ചെറുതോണി: ഗതാഗത യോഗ്യമല്ലാതെ തകർന്ന് കിടന്നിരുന്ന ഇടുക്കി-തങ്കമണി-കട്ടപ്പന പുളിയൻമല റോഡ് ദേശീയ നിലവാരത്തിൽ നിർമാണം പൂർത്തിയാക്കി. മരിയാപുരം കാമാക്ഷി ഇരട്ടയാർ പഞ്ചായത്തുകളും കട്ടപ്പന നഗരസഭയും ഉൾപ്പെടുന്ന പ്രദേശത്തുകൂടിയാണ് റോഡ് കടന്നുപോകുന്നത്. കേന്ദ്രറോഡ് ഫണ്ടും സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ ഫണ്ടും ഏകോപിപ്പിച്ചാണ് നിർമാണം വേഗത്തിലാക്കിയത്.
കുടിയേറ്റ കാലത്തോളം പഴക്കമുള്ള റോഡാണെങ്കിലും ഇവിടെ കാൽനടപോലും ദുഷ്‌കരമായിരുന്നു. ഇടുക്കി മുതൽ പുളിയൻമല വരെ 34 കിലോമീറ്റർ 30 കോടി രൂപ ചെലവഴിച്ച് ബി.എം.ആൻഡ് ബി.സി.ടാറിങാണ് നടത്തിയിരിക്കുന്നത്. റോഡ് നിർമാണം പൂർത്തികരിച്ചതോടെ പുർണമായും കാർഷിക മേഖലകളായ വാത്തിക്കുടി, കാമാക്ഷി, മരിയാപുരം, , ഇരട്ടയാർ തുടങ്ങിയ പഞ്ചായത്തുകളിലുള്ള കർഷകർക്ക് കാർഷിക ഉത്പന്നങ്ങൾ കട്ടപ്പന മാർക്കറ്റിൽ എത്തിക്കുന്നതിന് എളുപ്പമായി. ഇത് കൂടാതെ ഇടുക്കി-കട്ടപ്പന റോഡിൽ ഗതാഗത തടസ്സം നേരിട്ടാലും തങ്കമണി റോഡിലൂടെ കട്ടപ്പനയിലേക്ക് ഗതാഗതം തിരിച്ചുവിടാനും കഴിയും.