ഇടുക്കി(ചെറുതോണി): പെരിയാറ്റില്‍ മീന്‍പിടിക്കുന്നതിനായി രാസവസ്തു കലക്കിയതിനെ തുടര്‍ന്ന് മത്സ്യങ്ങള്‍ ചത്തുപൊങ്ങി. വെളളം ഉപയോഗ യോഗ്യമല്ലാത്ത വിധത്തില്‍ മലിനപ്പെടുകയും ചെയ്തു.
ജില്ലാ ആസ്ഥാനത്ത് തടിയമ്പാടിന് സമീപം പള്ളിക്കവലയില്‍ പെരിയാറ്റിലെ കയത്തിലാണ് രാസവസ്തു കലക്കിയതായി കാണപ്പെട്ടത്.
വെള്ളത്തിന്റെ മുകളില്‍ പത പോലെയുള്ള വെളുത്ത വിഷദ്രാവകം വ്യാപിച്ചിട്ടുണ്ട്. കയങ്ങളുടെ അരികില്‍ മത്സ്യങ്ങളെ ചത്തനിലയിലും കാണാം.
കയങ്ങളുടെ ഇരുകരകളും തമ്മില്‍ ബന്ധിപ്പിച്ച് പത്ത് മീറ്റര്‍ ഇടവിട്ട് മീന്‍ പടിക്കാനുള്ള ഉടക്കുവല കെട്ടിയിട്ടുണ്ട്.
ആറ്റില്‍ രാസവസ്തു കലക്കിയതിന് ശേഷം മരണപ്പാച്ചിലില്‍ കയങ്ങളിലെ മീന്‍ വലയില്‍ കുരുങ്ങുന്നതിന് വേണ്ടിയാണ് വല കെട്ടിയതെന്ന് സമീപവാസികള്‍ പറഞ്ഞു.
പെരിയാര്‍ തീരത്ത് താമസിക്കുന്ന നിരവധിപേര്‍ വീട്ടാവശ്യത്തിനും വളര്‍ത്തുമൃഗങ്ങള്‍ക്ക് കുടിവെള്ളത്തിനായും ആശ്രയിക്കുന്നത് പെരിയാറ്റിലെ നീരെഴുക്കിനെയാണ്. എന്ത് രാസവസ്തുവാണ് വെള്ളത്തില്‍ കലര്‍ത്തിയിരിക്കുന്നതെന്ന് അറിയാതെ നാട്ടുകാര്‍ ആശങ്കയിലാണ്.