മൂന്നാർ : പാവങ്ങളെ സഹായിക്കുന്നതിനായി ഹോട്ടലിലെ കൗണ്ടറിൽ സൂക്ഷിച്ചിരുന്ന പണക്കുടുക്ക മോഷ്ടിച്ചു. ടൗണിലെ മെയിൻ ബസാറിൽ പ്രവർത്തിക്കുന്ന റപ്‌സി ഹോട്ടലിലെ കാഷ് കൗണ്ടറിൽ വച്ചിരുന്ന മൂന്നാർ മുസ്‌ലിം ജമാഅത്ത് പള്ളിയുടെ കാരുണ്യ കുടുക്കയാണ് ചൊവ്വാഴ്ച രാത്രി എട്ടരയോടെ മോഷണം പോയത്.

ഹോട്ടലിൽ തിരക്ക് അനുഭവപ്പെട്ട സമയത്താണ് 40 വയസ്സ് തോന്നിക്കുന്ന യുവാവ് അകത്ത് പ്രവേശിച്ച് കൈവശമുണ്ടായിരുന്ന സഞ്ചിയിലേക്ക് കുടുക്ക എടുത്തിട്ടശേഷം പോയത്. തിരക്ക് കഴിഞ്ഞ ശേഷം കൗണ്ടറിലെ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് കുടുക്ക നഷ്ടപ്പെട്ടതറിഞ്ഞത്. നിരീക്ഷണ ക്യാമറ പരിശോധിച്ചപ്പോഴാണ് ഒരാൾ കുടുക്ക മോഷ്ടിക്കുന്ന ദൃശ്യംകണ്ടെത്തിയത്. മൂന്നാർ പോലീസ് കേസെടുത്തു.