തൊടുപുഴ : നിയന്ത്രണംവിട്ട കാർ ഓട്ടോറിക്ഷയിൽ ഇടിച്ചുകയറിയതിനെ തുടർന്ന് ഒരാൾക്ക് പരിക്ക്. തൊടുപുഴ മൂവാറ്റുപുഴ റോഡിൽ ആനക്കൂട്‌ കവലയിലാണ് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് അമിത വേഗത്തിലെത്തിയ കാർ ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറിയത്. പ്രദേശത്തെ സ്ഥാപനത്തിന് മുൻപിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ ഇടിയുടെ ആഘാതത്തിൽ മറിയുകയും സ്ഥാപനത്തിലെ ജീവനക്കാരന് പരിക്കേൽക്കുകയും ചെയ്തു.

തുടർന്ന് മുൻപോട്ടുപോയ കാറിൽനിന്നു തീ ഉയർന്നതിനെ തുടർന്ന് തൊടുപുഴയിൽനിന്നു അഗ്നിരക്ഷാസേനയെത്തി തീയണച്ചു. അപകടംകണ്ട് ഓടിക്കൂടിയ നാട്ടുകാർ ഡ്രൈവർ മദ്യപിച്ചിരുന്നതായും വൈദ്യപരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടു.

തുടർന്ന് പോലീസ് വാഹനത്തിൽ ഡ്രൈവറെ സ്റ്റേഷനിലേക്ക് മാറ്റിയെങ്കിലും വൈദ്യ പരിശോധന നടത്താതെ വിട്ടയച്ചു. അക്രമാസക്തരായ നാട്ടുകാരിൽനിന്നു രക്ഷിക്കുന്നതിനാണ് ഡ്രൈവറെ സംഭവസ്ഥലത്തുനിന്നു മാറ്റിയതെന്നും സംഭവത്തിൽ കേസൊന്നും എടുത്തിട്ടില്ലെന്നുമാണ് പോലീസ് പറയുന്നത്.